ഒരു കോടി ക്ലബിൽ ആദ്യം കയറിയ ആ ഇന്ത്യൻ സിനിമ ഏതെന്ന് അറിയുമോ?
text_fieldsകോടികൾ വാരികൂട്ടുന്ന ബ്ലോക് ബസ്റ്റർ സിനിമകളെക്കുറിച്ച് പറയുമ്പോൾ ഷോലെ, മുഗൾ-ഇ-അസം, പുഷ്പ2, ദംഗൽ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിനിമകളെക്കുറിച്ച് നമ്മൾ വാചാലരാകാറുണ്ട്. എന്നാൽ, ഇന്ത്യയിലാദ്യമായി സിനിമ വ്യവസായത്തിന്‍റെ തലവര മാറ്റിവരച്ച് ഒരു കോടി ക്ലബിൽ കയറിയ ആ സിനിമ ഏതെന്ന് നിങ്ങൾക്കറിയാമോ?
1943ൽ പുറത്തിറങ്ങിയ ഗ്യാൻ മുഖർജിയുടെ 'കിസ്മത്ത്' ആണ് ആ ചിത്രം. അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു എന്നതാണ് അതിശയകരം. അശോക് കുമാർ, മുംതാസ് ശാന്തി, ഷാ നവാസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം വൻ വിജയമാവുകയും ഇന്ത്യൻ സിനിമ ലോകത്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. നല്ലവനായ നായകൻ എന്ന ആശയത്തോട് പ്രേക്ഷകർക്ക് താൽപര്യം വളരാൻ തുടങ്ങിയ സമയത്താണ് 'കിസ്മത്ത്'പുറത്തിറങ്ങുന്നതും ഇന്ത്യൻ സിനിമ ലോകത്ത് ഹിറ്റടിക്കുന്നതും. വില്ലൻ സ്വഭാവമുള്ള ഗ്രേ ഷേഡ് നായകനെ അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് 'കിസ്മത്ത്'.
ഒരേസമയം, നല്ല സ്വഭാവവും മോശം സ്വഭാവവുമുള്ള ഒരു പോക്കറ്റടിക്കാരനായാണ് അശോക് കുമാറിനെ സിനിമയിൽ അവതരിപ്പിച്ചത്. ആ കാലഘട്ടത്തിൽ അസാധാരണമായ ഒരു കഥയായിരുന്നു സിനിമയുടെ പ്രമേയം. ഇന്ത്യൻ സിനിമയിൽ ആദ്യമായി ധീരമായ ഒരു പ്രമേയം അവതരിപ്പിക്കാൻ നിർമാതാക്കൾ പരമാവധി ശ്രമിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്. വിവാഹിതയാകുന്നതിന് മുമ്പ് ഗർഭിണിയാകുന്ന ഒരു പെൺകുട്ടിയെക്കുറിച്ചും സിനിമയിൽ പറയുന്നുണ്ട്.
പുരുഷാധിപത്യത്തിന്റെയും മുൻവിധികളുടെയും ചങ്ങലകൾ പൊട്ടിച്ചെറിയുക എന്നത് അങ്ങേയറ്റം ദുഷ്‌കരമായിരുന്ന കാലഘട്ടമായിരുന്നു 40കൾ. അക്കാലത്ത്, അത്തരമൊരു പ്രമേയമുള്ള സിനിമകൾക്ക് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ - ഒന്ന് അവ ഹിറ്റാകും, അല്ലെങ്കിൽ അവ പരാജയപ്പെടും. എന്നാൽ, കിസ്മത്ത് ആദ്യ വഴി സ്വീകരിച്ച് വൻ വിജയമായി. ചിത്രത്തിന്റെ വിജയം വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അത് തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്തു.
രണ്ട് ലക്ഷം രൂപ ബജറ്റിൽ നിർമിച്ച കിസ്മത്ത് ഒരു കോടി കളക്ഷൻ നേടി ഇന്ത്യൻ സിനിമ ചരിത്രത്തിന്‍റെ ഭാഗമായി. കൊൽക്കത്തയിലെ റോക്സി സിനിമാസ് തീയറ്ററിൽ തുടർച്ചയായി 184 ആഴ്ച പ്രദർശിപ്പിച്ചു കൊണ്ടും കിസ്മത്ത് ചരിത്രം സൃഷ്ടിച്ചു. കൂടാതെ, ഒരു തീയറ്ററിൽ നിന്ന് മാത്രം 12 ലക്ഷത്തിലധികം രൂപയാണ് ചിത്രം നേടിയത്. ആറ് വർഷത്തേക്ക് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോഡും 'കിസ്മത്തി'നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.