Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നീങ്ക നല്ലവരാ കെട്ടവരാ?': ഇന്ത്യൻ സിനിമയിലെ മാസ്റ്റർപീസ്; 'നായകൻ' തിയേറ്ററുകളിൽ എത്തിയിട്ട് 39 വർഷങ്ങൾ

text_fields
bookmark_border
'ടൈം' മാസിക എക്കാലത്തെയും മികച്ച 100 ലോക സിനിമകളിൽ ഒന്നായി നായകനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ വൻ അംഗീകാരമായി മാറി
നീങ്ക നല്ലവരാ കെട്ടവരാ?: ഇന്ത്യൻ സിനിമയിലെ മാസ്റ്റർപീസ്; നായകൻ തിയേറ്ററുകളിൽ എത്തിയിട്ട് 39 വർഷങ്ങൾ
cancel

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'നായകൻ' തിയേറ്ററുകളിലെത്തി 39 വർഷങ്ങൾ തികയുന്നു. മാസ്റ്റർ ഡയറക്ടർ മണിരത്നവും ഉലകനായകൻ കമൽഹാസനും ആദ്യമായി കൈകോർത്ത തമിഴ് ക്രൈം ഡ്രാമ ചിത്രം, 1987 ഒക്ടോബർ 21-നാണ് ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയത്. തമിഴ് സാഹിത്യകാരൻ ബാലകുമാരന്റെ മൂർച്ചയേറിയ സംഭാഷണങ്ങളും മണിരത്നത്തിന്റെ സംവിധാന മികവും ഒന്നിച്ചപ്പോൾ രൂപപ്പെട്ടത് ലോക സിനിമയ്ക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഒരു ഇന്ത്യൻ മാസ്റ്റർപീസായിരുന്നു.

ഹോളിവുഡ് ചിത്രം 'ദി ഗോഡ്ഫാദറി'ന്റെയും ബോംബെ അധോലോക കുറ്റവാളിയായിരുന്ന വരദരാജൻ മുതലിയാറുടെയും ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമ്മിച്ചത്. തൂത്തുക്കുടിയിൽ നിന്ന് ബോംബെയിലെ ചേരി പ്രദേശങ്ങളിലേക്ക് ഓടിയെത്തുന്ന ആൺകുട്ടിയിൽ നിന്നും ധാരാവിയിലെ ജനങ്ങളുടെ കാവലാളായ 'വേലു നായ്ക്കർ' എന്ന അധോലോക നായകനിലേക്കുള്ള പരിണാമമാണ് ചിത്രം പറയുന്നത്. കമൽഹാസന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഏടുകളിലൊന്നായി ഈ കഥാപാത്രം ഇന്നും വിലയിരുത്തപ്പെടുന്നു. നായികയായി അരങ്ങേറിയ ശരണ്യ പൊൻവണ്ണനൊപ്പം കാർത്തിക, ജനഗരാജ്, വിജയൻ, എം.വി.വാസുദേവ റാവു, ഡൽഹി ഗണേഷ്, നിഴൽഗൽ രവി, നാസർ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

പി.സി. ശ്രീറാമിന്റെ തനിമയാർന്ന ഛായാഗ്രഹണവും തോട്ട തരണിയുടെ യഥാർഥ്യത്തോട് അടുപ്പമുള്ള കലാസംവിധാനവും ചിത്രത്തിന് നൽകിയത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ദൃശ്യാനുഭവമായിരുന്നു. ബി. ലെനിനും വി.ടി. വിജയനും ചേർന്ന് എഡിറ്റിംഗ് നിർവഹിച്ച ചിത്രം തിയേറ്ററുകളിൽ 175 ദിവസത്തിലധികം തരംഗം സൃഷ്ടിച്ചു. മികച്ച നടൻ , മികച്ച ഛായാഗ്രഹണം, മികച്ച കലാസംവിധാനം എന്നിങ്ങനെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. കൂടാതെ 60-ാമത് ഓസ്കറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായും നായകൻ തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത അമേരിക്കൻ മാസികയായ 'ടൈം' എക്കാലത്തെയും മികച്ച 100 ലോക സിനിമകളിൽ ഒന്നായി നായകനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ വൻ അംഗീകാരമായി മാറി.

ഒരു അധോലോക നായകന്റെ വൈകാരിക ജീവിതവും അയാൾ അനുഭവിക്കുന്ന വലിയ നഷ്ടങ്ങളുമാണ് സിനിമയെ ഇത്രമേൽ ഹൃദയസ്പർശിയാക്കുന്നത്. അച്ഛന്റെ കൊലപാതകത്തിന് പകരം വീട്ടി ബോംബെയിലേക്ക് രക്ഷപ്പെടുന്ന വേലു, തനിക്ക് പ്രിയപ്പെട്ടവരുടെ ഓരോരുത്തരുടെയും വേർപാട് കണ്ട് തകരുന്നത് പ്രേക്ഷകരുടെയും ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ കൊച്ചുമകൻ 'നീങ്ക നല്ലവരാ കെട്ടവരാ?' എന്ന് ചോദിക്കുമ്പോൾ, കരച്ചിലടക്കി എല്ലാം തകർന്ന സ്വരത്തിൽ' തെരിലിയേ പാ' എന്ന് വേലു നായ്ക്കർ മറുപടി നൽകുന്ന രംഗം സിനിമ ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടുന്ന ഒന്നാണ്.

താൻ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമെന്നോണം വേലു പൊലീസുകാരന്റെ മകന്റെ വെടിയേറ്റു വീഴുന്ന ക്ലൈമാക്‌സോടെയാണ് ചിത്രം അവസാനിക്കുന്നത്. സിനിമ പുറത്തിറങ്ങി നാല് പതിറ്റാണ്ടിനോടടുക്കുമ്പോഴും, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടായി മണിരത്നം - കമൽഹാസൻ കോമ്പോയും അവരുടെ 'നായകനും' ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ അനശ്വരമായി നിലനിൽക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'നീങ്ക നല്ലവരാ കെട്ടവരാ?': ഇന്ത്യൻ സിനിമയിലെ മാസ്റ്റർപീസ്; 'നായകൻ' തിയേറ്ററുകളിൽ എത്തിയിട്ട് 39 വർഷങ്ങൾ
Next Story