മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ
text_fieldsനാസർ ഇരിമ്പിളിയം
അങ്ങനെ തുളസിച്ചെടിയും ആൽമരവും ഹിന്ദുവായി, ഈന്തപ്പനയും മൈലാഞ്ചിച്ചെടിയും മുസ്ലിമുമായി, ബിരിയാണി മുസ്ലിം സദ്യ ഹിന്ദു, ഇനിയീ ആകാശവും ഭൂമിയും വെള്ളവും വെളിച്ചവും കാറ്റും കടലും എപ്പോഴാണാവോ തനിനിറം വെളിവാക്കുന്നത്.’ ഈയിടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വരികൾ. ‘തനിനിറം’ എന്ന കുഞ്ഞു കവിതയിലെ വരികളാണിത്. കവിയും സംവിധായകനുമായ നാസർ ഇരിമ്പിളിയത്തിന്റേതാണ് ഈ വരികൾ. ഇേപ്പാൾ വീണ്ടും സാമൂഹിക പ്രസക്തിയുള്ള മറ്റൊരു ഉദ്യമവുമായി അദ്ദേഹം വീണ്ടുമെത്തുകയാണ്, ആദ്യമായി സംവിധാനം ചെയ്ത ‘മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ’ എന്ന ചിത്രത്തിലൂടെ. ഈ സിനിമ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
അച്ഛനും മകനും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ജീവിതം കൈവിട്ടുപോകുമ്പോഴും അച്ഛനെ കൈവിടാതിരിക്കാൻ ശ്രമിക്കുമ്പോൾ ഒറ്റപ്പെടുന്ന മകന്റെ കഥ. നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായനാകുന്ന ചിത്രമാണിത്. അച്ഛൻ കഥാപാത്രം അവതരിപ്പിച്ച ഉണ്ണിനായർക്ക് കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം ഇതിനകം ലഭിച്ചുകഴിഞ്ഞു. അതിഭാവുകത്വങ്ങളോ, വലിയ ബഹളങ്ങളോ ഒന്നുമില്ലാതെ ഈ കൊച്ചു സിനിമയുടെ തിരക്കഥയും നിർമാണവും വളാഞ്ചേരി സ്വദേശിയായ ഡോ. കെ.ടി. ഹാരിസാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് മുസ്തഫ അമ്പാടി ഈണം നൽകിയ മനോഹരമായ മൂന്ന് പാട്ടുകളുണ്ട് സിനിമയിൽ. സിതാര, ഹരിശങ്കർ, ഹരിചരൺ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ.
കവിതകളിലൂടെ സിനിമാ ലോകത്തേക്ക്
ലളിതമായ ഭാഷയിൽ കാലിക പ്രസക്തമായ വരികൾ ഉൾക്കൊള്ളിച്ചതാണ് നാസറിന്റെ കവിതകൾ. സുഹൃത്തുക്കൾക്കൊപ്പം സായാഹ്നങ്ങളിൽ ഒത്തുകൂടുമ്പോൾ ചർച്ചകൾ സിനിമയെ കുറിച്ചാണ്. സിനിമയിലേക്കുള്ള എൻട്രി എന്ന നിലക്ക് ചെയ്ത ഷോട്ട് ഫിലിമുകൾക്ക് വിവിധ അവാർഡുകളും ലഭിച്ചു. ഇതോടെ സിനിമ ചർച്ചകൾ സജീവമാക്കി. എല്ലാം ഒത്തുവന്നതോടെ കോവിഡ് കാലം തിരിച്ചടിയായി. ഇതിനിടയിൽ ചെറിയൊരു സിനിമ ചെയ്യാമെന്ന തീരുമാനമാണ് ഈ ചിത്രത്തിന്റെ പിറവിക്കുപിന്നിൽ.
വിവേക് വസന്ത ലക്ഷ്മിയാണ് സിനിമയുടെ ഛായാഗ്രഹകൻ. ലാൽ ജോസ്, നജീബ് കുറ്റിപ്പുറം, നാദി ബക്കർ, എം.പി.എ. ലത്തീഫ്, അബു വളയംകുളം, ഡോ. എൻ. മുഹമ്മദലി, വെസ്റ്റേൺ പ്രഭാകരൻ, സുപർണ, ക്ഷമ കൃഷ്ണ, ഉഷ പയ്യന്നൂർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ ചിത്രത്തിന് ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചതിന്റെ ആവേശത്തിൽ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് നാസർ.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.