Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.ടി.എ ഗെയിമിലെ അപകടങ്ങൾ ഇനി റോഡിലെ ജീവൻ രക്ഷിക്കും!

text_fields
bookmark_border
ഗെയിമിനെ ഗവേഷണത്തിനായി ഉപയോഗിച്ച് ശാസ്ത്രജ്ഞർ
ജി.ടി.എ ഗെയിമിലെ അപകടങ്ങൾ ഇനി റോഡിലെ ജീവൻ രക്ഷിക്കും!
cancel

വാഹനങ്ങൾ കൂട്ടിയിടിപ്പിക്കുന്നതും ട്രാഫിക് നിയമങ്ങൾ ലംഘിച്ച് നഗരത്തിലൂടെ പായുന്നതുമൊക്കെയാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജി.ടി.എ) കളിക്കുമ്പോഴുള്ള പതിവ് കാഴ്ചകൾ. എന്നാൽ ഈ ഗെയിമിലെ റോഡുകളും വാഹനങ്ങളുമെല്ലാം ഇപ്പോൾ ഗവേഷകർക്ക് മറ്റൊരു ആവശ്യത്തിനായി ഉപകാരപ്പെടുകയാണ്. യഥാർഥ റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കാനായി ജിടിഎ 5 ഉപയോഗിക്കുകയാണ്​ ഗവേഷകർ.സൈക്കിൾ യാത്രക്കാർക്ക് പിന്നിൽനിന്ന് വരുന്ന വാഹനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണങ്ങൾ പരീക്ഷിക്കുന്നതും സ്വയം ഓടുന്ന കാറുകളുടെ സുരക്ഷാ സംവിധാനങ്ങൾ പഠിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അപകടകരമായ സാഹചര്യങ്ങൾ യഥാർഥ റോഡുകളിൽ സൃഷ്ടിക്കാതെ പരീക്ഷണം നടത്താൻ ഗെയിമിലെ വെർച്വൽ ലോകം ഗവേഷകർക്ക് അവസരമൊരുക്കുന്നു.

പരീക്ഷണശാലയായി ജി.ടി.എ

യഥാർഥ റോഡുകളിൽ അപകടസാഹചര്യങ്ങൾ സൃഷ്ടിച്ച് സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ആളുകളുടെ ജീവൻ അപകടത്തിലാക്കാതെ ഇത്തരം പരീക്ഷണങ്ങൾ നടത്തണം. സാധാരണ ഡ്രൈവിങ് സിമുലേറ്ററുകൾ ഉപയോഗിക്കാമെങ്കിലും അവയ്ക്കും ചില പരിമിതികളുണ്ട്.ഈ സാഹചര്യത്തിലാണ് ജി.ടി.എ 5 ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചത്. റോഡുകൾ, വാഹന ചലനങ്ങൾ, കാലാവസ്ഥാ മാറ്റങ്ങൾ, നഗരത്തിലെ തിരക്ക് തുടങ്ങി യഥാർഥ ജീവിതത്തോട് സാമ്യമുള്ള നിരവധി ഘടകങ്ങൾ ഗെയിമിലുണ്ട്. ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി വ്യത്യസ്ത അപകടസാഹചര്യങ്ങളും സൃഷ്ടിക്കാം.നെതർലൻഡ്‌സിലെ ഐന്തോവൻ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ പാവ്‌ലോ ബാസിലിൻസ്കി ജി.ടി.എ ഉപയോഗിച്ച് റോഡിലെ മനുഷ്യരുടെ പെരുമാറ്റം പഠനവിഷയമാക്കി ഗവേഷണം തുടരുന്നുണ്ട്​. അപകടസാഹചര്യങ്ങളിൽ ഡ്രൈവർമാരും കാൽനടയാത്രക്കാരും എങ്ങനെ പ്രതികരിക്കുന്നു, റോഡുകളുടെ രൂപകൽപ്പനയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങളാണ് പഠനവിഷയം.

പിന്നിൽ വാഹനം വന്നാൽ ഹാൻഡിൽബാർ വിറയ്ക്കും

സൈക്കിൾ യാത്രക്കാർ നേരിടുന്ന അപകടങ്ങളിൽ പ്രധാനപ്പെട്ടതാണ് പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ. പ്രത്യേകിച്ച് തിരക്കേറിയ റോഡുകളിൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ പലപ്പോഴും സൈക്കിൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാറില്ല.ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് ജർമനിയിലെ ഓസ്‌നാബ്രൂക്ക് യൂനിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ ഗവേഷകർ ശ്രമിക്കുന്നത്. മിലേന ജാഗർ, പ്രൊഫസർ ജൂലിയസ് ഷോണിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് മുന്നറിയിപ്പ് സംവിധാനങ്ങളാണ് പരീക്ഷിച്ചത്.ഒന്നാമത്തേത് സൈക്കിളിന്റെ ഹാൻഡിൽബാറിൽ ഘടിപ്പിക്കുന്ന ഉപകരണമാണ്. പിന്നിൽനിന്ന് വാഹനം അടുത്തെത്തിയാൽ ഹാൻഡിൽബാർ വിറയ്ക്കും. വാഹനം അടുക്കുന്തോറും വിറയലിന്റെ ശക്തിയും കൂടും.രണ്ടാമത്തേത് ശരീരത്തിൽ ധരിക്കാവുന്ന പ്രത്യേക ജാക്കറ്റാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ വിറയലിലൂടെ യാത്രക്കാരന് അപകടസൂചന നൽകും. പിന്നിൽനിന്ന് വരുന്ന വാഹനത്തെ നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യത്തിലും അതിന്റെ സാമീപ്യം തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും.ഉപകരണങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാൻ ഗവേഷകർ ലാബിൽ പ്രത്യേക സംവിധാനമൊരുക്കി. ഒരു സൈക്കിൾ സജ്ജീകരിച്ച് മുന്നിലും പിന്നിലും വലിയ സ്ക്രീനുകൾ സ്ഥാപിച്ചു. ജി.ടി.എയിലെ ലോസ് സാന്റോസ് നഗരത്തിലെ റോഡുകളാണ് സ്ക്രീനുകളിൽ തെളിഞ്ഞത്.ഗെയിമിൽ മാറ്റങ്ങൾ വരുത്തി വലിയ ട്രക്കുകളും മറ്റ് വാഹനങ്ങളും സഞ്ചരിക്കുന്ന റോഡുകളിലൂടെ സൈക്കിൾ ഓടിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതോടെ പിന്നിൽനിന്ന് വാഹനങ്ങൾ അടുത്തെത്തുന്ന വിവിധ സാഹചര്യങ്ങളിൽ മുന്നറിയിപ്പ് ഉപകരണങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ സാധിച്ചു.പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് പിന്നിൽനിന്ന് വരുന്ന ട്രക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഹാൻഡിൽബാറിലെയും ജാക്കറ്റിലെയും സംവിധാനങ്ങൾക്ക് കഴിഞ്ഞു.

ഗെയിമുകൾക്ക് പുതിയൊരു ഉപയോഗം

വിഡിയോ ഗെയിമുകൾ വിനോദത്തിനപ്പുറം ഗവേഷണത്തിനും ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ പരീക്ഷണം. യഥാർഥ ലോകത്ത് അപകടസാധ്യതയുള്ള സാഹചര്യങ്ങൾ പുനഃസൃഷ്ടിക്കാതെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കും.പരീക്ഷണങ്ങൾ ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. ഇവ കൂടുതൽ വികസിപ്പിച്ച് യഥാർഥ റോഡുകളിൽ ഉപയോഗിക്കാനാകുമോ എന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും, ഗെയിമിൽ വാഹനങ്ങൾ ഇടിച്ചുതകർക്കാൻ ഉപയോഗിച്ചിരുന്ന അതേ വെർച്വൽ ലോകം റോഡിലെ അപകടങ്ങൾ കുറയ്ക്കാനുള്ള പഠനത്തിന് പ്രയോജനപ്പെടുന്നത് കൗതുകകരമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - GTA 5: How Video Games Are Helping Improve Road Safety
Next Story