സംവിധായകനും നിർമാതാവും തമ്മിൽ 12 വർഷത്തെ ബന്ധം; സിനിമയുടെ പേര് 'പന്ത്രണ്ട്'
text_fields‘പന്ത്രണ്ട്’ എന്ന സിനിമയുടെ ജി.സി.സി റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംവിധായകൻ ലിയോ തദേവൂസ് സംസാരിക്കുന്നു
ദുബൈ: 12 വർഷത്തെ പരിചയമുള്ള സംവിധായകനും നിർമാതാവും ഒന്നിച്ചപ്പോൾ സിനിമയുടെ പേരും 'പന്ത്രണ്ട്'. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' എന്ന സിനിമയുടെ പേര് പിറന്നതിന് പിന്നിലാണ് ഈ കൗതുകമുള്ളത്.
സിനിമയുടെ ജി.സി.സി റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംവിധായകൻ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. '12 ഐഡിയല്‍ നമ്പരാണ്. മനുഷ്യകുലത്തിന്റെ പ്രതിനിധികളെന്ന പോലെ 12 പേരിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. ഞാനും സിനിമയുടെ നിർമാതാവുമായുള്ള ബന്ധത്തിനും 12 വര്‍ഷമായി. ഇതൊക്കെ കൊണ്ടാണ് ഇത്തരമൊരു പേരിട്ടത്' -ലിയോ തദേവൂസ് പറഞ്ഞു.
വിനായകന്, ഷൈന്‍ ടോം ചാക്കോ, ദേവ് മേനോന് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ. ഈമാസം ഏഴിനാണ് യു.എ.ഇയടക്കം ജി.സി.സിയിലെ 60ഓളം തിയറ്ററുകളില്‍ സിനിമ റിലീസാകുന്നത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ആക്ഷന്‍ മൂഡില്‍ തീവ്ര മനുഷ്യബന്ധത്തിന്റെ കഥ പറയുന്ന സിനിമ കേരളത്തില്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
'പന്ത്രണ്ടി'നുശേഷം ചെയ്യുന്ന സിനിമ പൂര്‍ണമായും ഫെസ്റ്റിവല്‍ സിനിമയായിരിക്കുമെന്ന് ലിയോ തദേവൂസ് പറഞ്ഞു. 'വരാനിരിക്കുന്നത് മുഴുനീള കോമേഴ്സ്യല്‍ പടമാണ്. എഴുത്ത് ഏതാണ്ട് പൂര്‍ത്തിയായി. എന്‍.എഫ്.ഡി.സി സഹകരണത്തോടെ നിർമിച്ച് കാന്‍ ഫെസ്റ്റിവലിലേക്ക് അയക്കാന്‍ തെരഞ്ഞെടുത്ത അഞ്ച് തിരക്കഥകളില്‍ ഒന്നാണത്' -ലിയോ പറഞ്ഞു.
തിയറ്ററില്‍ റിലീസാകുന്ന തന്റെ ആദ്യ ചിത്രമാണ് 'പന്ത്രണ്ട്' എന്ന് നടൻ ദേവ് മേനോന് പറഞ്ഞു. ആദ്യചിത്രമായ 'സൂഫിയും സുജാതയും' മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസായിരുന്നു. 'പുള്ളി' എന്നൊരു ചിത്രം പൂർത്തിയാക്കിയിട്ടുണ്ടെന്നും തെലുങ്കില്‍ സാമന്തയോടൊപ്പം അഭിനയിച്ച 'ശാകുന്തള'ത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ദേവ് മേനോൻ പറഞ്ഞു. സംഗീതത്തിന് പ്രാധാന്യമുള്ള 'പന്ത്രണ്ടി'ല്‍ തനിക്കേറെ പരീക്ഷണങ്ങള്‍ നടത്താന്‍ സാധിച്ചതായി സംഗീത സംവിധായകന് അല്‍ഫോന്‍സ് പറഞ്ഞു.
ഷഹബാസ് അമന്റെ സോളോ ഉള്‍പ്പെടെ ഏഴുപാട്ടുകളാണ് സിനിമയിലുള്ളത്. സിനിമ ജി.സി.സിയില്‍ റിലീസ് ചെയ്യുന്ന സ്റ്റാര്‍ ഹോളിഡേയ് ഫിലിംസ് പ്രതിനിധി രാജന് വര്‍ക്കലയും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. യു.എ.ഇയില്‍ ദുബൈ, ഷാർജ, അബൂദബി, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും ഖത്തർ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലുമാണ് സിനിമ റിലീസ് ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.