'മലർവാടി'യുടെ 15 വർഷങ്ങൾ; പുതിയ സിനിമ അപ്ഡേറ്റുമായി വിനീത്, 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ' എന്ന് ആരാധകർ
text_fieldsവിനീത് ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭമായ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' ഇറങ്ങിയിട്ട് ഇന്നേക്ക് 15 വർഷം. ഈ ദിവസം തന്നെ വിനീതിന്‍റെ പുതിയ സിനിമയുടെ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പതിവ് രീതികളില്‍നിന്ന് മാറി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബുധനാഴ്ച വൈകീട്ട് പുറത്തിറക്കും.
'2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. ഒരുപാട് നല്ല ഓര്‍മകള്‍, മറക്കാനാവാത്ത അനുഭവങ്ങള്‍... സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുകയാണ്. ഈ സിനിമ, എന്റെ പതിവ് രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണര്‍ ത്രില്ലറാണ്. കൂടുതല്‍ അപ്‌ഡേറ്റ്‌സ് പിന്നാലെ' എന്നാണ് വിനീത് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.
ബുധനാഴ്ച അര്‍ധരാത്രി ഒരുമണിക്കാണ് പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് വിനീത് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ കമന്റുകളുമായി ആരാധകരുമെത്തി. വിനീത് സിനിമകളിലെ ചെന്നൈ ബന്ധം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇക്കാര്യം കമന്റ് ചെയ്ത ഒരു ആരാധകന് വിനീത് മറുപടിയും നല്‍കി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ', എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ചെന്നൈ ഇല്ല, ഉറപ്പിക്കാം', എന്നായിരുന്നു വിനീതിന്റെ മറുപടി.
'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നോബിള്‍ ബാബുവിനെ നായകനാക്കിയാണ് ചിത്രമെന്നായിരുന്നു വിവരം. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിർമാതാവിന്റെ കുപ്പായമണിയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.