ഈ ആഴ്ചയിൽ ഒ.ടി.ടിയിൽ എത്തുന്ന അഞ്ച് ചിത്രങ്ങൾ
text_fieldsഈ ആഴ്ച അഞ്ച് മലയാള ചിത്രങ്ങളാണ് ഒ.ടി.ടിയിൽ എത്തുന്നത്. ആസിഫ് അലി നായകനായ സർക്കീട്ട്, ഷൈൻ ടോം ചാക്കോയുടെ സൂത്രവാക്യം, കോലാഹലം, മജു സംവിധാനം ചെയ്ത ചിത്രം പെരുമാനി, മാമന്നന് ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന മാരീശൻ എന്നിവയാണ് ഈ ആഴ്ചയിൽ ഒ.ടി.ടിയിൽ എത്തുന്ന അഞ്ച് ചിത്രങ്ങൾ.
സർക്കീട്ട്
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്. ആസിഫ് അലിയും ബാലതാരം ഓർസാനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോരമ മാക്സിനാണ് സർക്കീട്ടിന്‍റെ സ്ട്രീമിങ് അവകാശം. എന്നാൽ, ഇതുവരെ കൃത്യമായ റിലീസ് തീയതി നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല. ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനായ ചിത്രമാണ് സർക്കീട്ട്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും, ഫ്റാങ്ക്ളിൻ ഡൊമിനിക്കുമാണ് ചിത്രം നിർമിച്ചത്.
സൂത്രവാക്യം
ഷൈൻ ടോം ചാക്കോ നായകനായ കോമഡി ഡ്രാമയാണ് സൂത്രവാക്യം. ലയൺസ്ഗേറ്റ് പ്ലേയിലൂടെ ആഗസ്റ്റ് 21ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. യൂജിന്‍ ജോസ് ചിറമേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവവരാണ് പ്രധാന കഥാപാത്രങ്ങൾ. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന സൂത്രവാക്യത്തില്‍ ദീപക് പറമ്പോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കോലാഹലം
സന്തോഷ് പുത്തൻ, അനുഷ അരവിന്ദാക്ഷൻ, വിഷ്ണു ബാലകൃഷ്ണൻ, പ്രിയ ശ്രീജിത്ത്, സ്വാതി മോഹനൻ, ചിത്ര പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന കോലാഹലം സൺഎൻ.എക്സ്.ടിയിലൂടെ ആഗസ്റ്റ് 22ന് സ്ട്രീമിങ് ആരംഭിക്കും. ഒരു വൃദ്ധന്റെ മരണത്തിനും ശവസംസ്കാരത്തിനും ഇടയിലുള്ള 16 മണിക്കൂറിനുള്ളിൽ നടക്കുന്ന ഹൃദയസ്പർശിയായ കോമഡി ചിത്രമാണ് കോലാഹലം. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പെരുമാനി
അപ്പൻ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്ത ചിത്രമാണ് 'പെരുമാനി.' കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ, അനാർക്കലി മരയ്ക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സൈന പ്ലേയിലൂടെയാണ് ഒ.ടി.ടിയിൽ എത്തുന്നത്. ആഗസ്റ്റ് 21 മുതൽ സ്ട്രീമിങ് ആരംഭിക്കും. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
മാരീശൻ
മാമന്നന് ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘മാരീശൻ’. വി. കൃഷ്ണമൂർത്തി തിരക്കഥയെഴുതി സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ആഗസ്റ്റ് 22ന് സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അല്‍ഷിമേഴ്സ് രോഗിയായ വേലായുധം പിള്ളൈ എന്ന കഥാപാത്രത്തെയാണ് വടിവേലു ചിത്രത്തില്‍ അവതരിപ്പിച്ചത്. ദയ എന്ന കള്ളനായി വേഷമിട്ട ഫഹദ് എ.ടി.എമ്മില്‍ വെച്ച് പൈസയെടുക്കുന്ന വടിവേലുവിനെ കാണുന്നതും അയാളുടെ കൂടെ കൂടുന്നതിലൂടെയുമാണ് മാരീശന്റെ കഥ വികസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.