'എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്, അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു'; ലിജോ യഥാർഥ എഗ്രിമെന്റ് പുറത്തുവിടണമെന്ന് ജോജു ജോർജ്
text_fieldsകൊച്ചി: 'ചുരുളി' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ്. ഫെസ്റ്റിവലിന് വേണ്ടി ഉണ്ടാക്കിയ സിനിമയാണെന്ന് പറഞ്ഞാണ് ചെയ്തതെന്നും തെറിപറയുന്ന കഥാപാത്രം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ജോജു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
'ലിജോയുമായുള്ള സൗഹൃദം കാരണമാണ് ചുരുളി എന്ന സിനിമ ചെയ്തത്. ചുരുളി ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. ഐ.എഫ്.എഫ്.കെക്ക് കണ്ട വേര്‍ഷന്‍ വേറെയാണ്. ഫെസ്റ്റിവലിന് തെറിയുള്ള വേര്‍ഷനാണ് വരേണ്ടത്. പക്ഷെ വന്നില്ല. തെറിയില്ലാത്ത പതിപ്പിൽ ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള പതിപ്പ് അവർ ഒ.ടി.ടിക്ക് വിറ്റു.
എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ പടം ഇറങ്ങിയത്. റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമായിരുന്നു അത്. ഞാൻ അതിൽനിന്നെല്ലാം രക്ഷപ്പെട്ട് വരുന്ന സമയത്ത് എന്റെ തെറി ഡയലോഗ് വെച്ചാണ് ആ സിനിമ മാർക്കറ്റ് ചെയ്തത്. ആ സിനിമ വിറ്റുപോയപ്പോൾ ഇതുമായി ബന്ധപ്പെട്ടയാളുകളെ ഞാൻ വിളിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.
ഇന്ന് ലിജോ പോസ്റ്റിട്ടു. ഈ നിമിഷം വരെ എനിക്കനുഭവപ്പെട്ട വിഷയങ്ങളേക്കുരിച്ച് ഒരാളും അന്വേഷിച്ചിട്ടില്ല. കുറച്ച് ദിവസങ്ങൾക്കുമുൻപ് എന്റെ മക്കൾ പുതിയ സ്കൂളിലേക്ക് മാറി. എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്. അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം ഞാനീ കാര്യം പറഞ്ഞത്. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു.'- ജോജു ജോർജ് പറഞ്ഞു.
2021ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമിയിൽ അഭിനയിച്ചത് കൊണ്ട് അപമാനവും വിവാദങ്ങളും മാത്രമാണ് ഉണ്ടായതെന്നും അഭിനയിച്ചതിന് പ്രതിഫലം പോലും ലഭിച്ചില്ലെന്ന് ജോജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് മറുപടിയായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നടൻ ജോജുവിന് നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന്റെ രേഖകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജോജു വീണ്ടും വിശദീകരണവുമായി എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.