നാട് ശവപ്പറമ്പായപ്പോൾ ഉല്ലാസയാത്ര പോയ സെലിബ്രിറ്റികൾക്ക് ലജ്ജിക്കാം; ഈ നടൻ വിവാഹത്തിന് ചെലവഴിച്ചത് 150 രൂപ!
text_fieldsമുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം താണ്ഡവത്തിന് മുന്നിൽ രാജ്യം തരിച്ചുനിൽക്കുേമ്പാൾ വ്യക്തിപരമായ ആഘോഷങ്ങൾക്ക് ജീവിതത്തിൽ യാതൊരു പ്രസക്തിയും ഇല്ലെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ നൽകുകയാണ് നടൻ വിരാഫ് പേട്ടൽ. തന്‍റെ വിവാഹാഘോഷത്തിന് മാറ്റിവെച്ച പണം മുഴുവൻ കോവിഡ് രോഗികളെ സഹായിക്കാനായി സംഭാവന ചെയ്താണ് അദ്ദേഹം മാതൃക കാട്ടിയത്. ബാന്ദ്രയിലെ കോടതിയിൽ വെച്ച് വളരെ ലളിതമായി നടത്തിയ വിവാഹത്തിന് ചെലവായതാകട്ടെ ആകെ 150 രൂപയും.
'നാംകരൺ' എന്ന ജനപ്രിയ ഹിന്ദി സീരിയലിലെ നായകനാണ് വിരാഫ് പേട്ടൽ. കോവിഡ് ഒന്നടങ്ങിയപ്പോൾ വിവാഹം വൻ ആഘോഷമാക്കി നടത്താനുള്ള ആലോചനയിലായിരുന്നു വിരാഫ് പേട്ടലും വധു സലോനി ഖന്നയും. എന്നാൽ, കോവിഡ് വീണ്ടും ശക്തി പ്രാപിച്ചതോടെ ചുറ്റുമുള്ള ആളുകൾ കടുത്ത യാതന അനുഭവിക്കുന്നത് കണ്ട് തീരുമാനം മാറ്റുകയായിരുന്നു. ഈമാസം ആറിനായിരുന്നു ഇവരുടെ വിവാഹം. വിവാഹ രജിസ്ട്രേഷന് വേണ്ടി 100 രുപയും ഫോട്ടോസ്റ്റാറ്റുകൾക്കുവേണ്ടി 50 രൂപയും മാത്രമാണ് ചെലവായതെന്ന് വിരാഫ് പറയുന്നു.
ആരതി, നിതിൻ മിറാനി, സകേത് സേഥി എന്നീ മൂന്ന് സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സലോനിയുടെ അമ്മക്ക് പങ്കെടുക്കാൻ കഴിയാഞ്ഞതിനാൽ പാഴ്സി ആചാരപ്രകാരമുള്ള ചടങ്ങുകളിൽ അമ്മയുടെ സ്ഥാനത്ത് നിന്നത് വിരാഫിന്‍റെ അയൽവാസിയായ രസ്നയാണ്. ഇവർക്കെല്ലാമൊപ്പം ഒരു നേരത്തെ ഭക്ഷണവും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിഡിയോ ചാറ്റും മാത്രമായിരുന്നു ആകെയുള്ള ആഘോഷമെന്ന് വിരാഫ് പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി ഓക്സിജൻ ലഭിക്കാതെ ആളുകൾ മരിച്ചുവീഴുേമ്പാൾ ഉല്ലാസയാത്രക്ക് പോയ ബോളിവുഡ് സെലിബ്രിറ്റികൾ ഏറെ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് വിരാഫിന്‍റെ പ്രവൃത്തിക്ക് മഹത്വമേറുന്നത്.
കഴിഞ്ഞ വർഷം ലോക്ഡൗണിന് മുമ്പാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. കാര്യങ്ങൾ സാധാരണഗതിയിലേക്ക് നീങ്ങിയ ശേഷം ഈവർഷം മേയിൽ മതി വിവാഹം എന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷേ, സ്ഥിതിഗതികൾ വഷളായതോടെ ലളിതമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. വിരാഫിന്‍റെയും സലോനിയുടെയും തീരുമാനത്തില്‍ ഇരു കുടുംബങ്ങള്‍ക്കും തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍, അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയതോടെ എല്ലാം സുഗമമായെന്ന് വിരാഫ് പട്ടേല്‍ പറയുന്നു.
'ചുറ്റും ആളുകള്‍ മരിച്ചു വീഴുേമ്പാൾ ഇത്തരം ആഘോഷങ്ങള്‍ക്ക് യാതൊരു പ്രസക്തിയില്ല. അങ്ങനെ ചെയ്യാൻ എന്‍റെ മനഃസാക്ഷി അനുവദിച്ചുമില്ല. വിവാഹ ചടങ്ങുകൾക്ക് അല്ല, വിവാഹ ജീവിതത്തിനാണ് പ്രസക്തി. ആഡംബരമായി വിവാഹം നടത്തരുതെന്നായിരുന്നു പണ്ടേയുള്ള തീരുമാനം. കോവിഡ് രൂക്ഷമായതോടെ ഞാൻ മനസ്സിൽ കണ്ട ആ ചെറിയ ആള്‍ക്കൂട്ടം പോലും ആഡംബരമായി തോന്നി. സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചാളുകള്‍ക്കെങ്കിലും എന്‍റെ വിവാഹാഘോഷങ്ങൾക്കുള്ള തുക ഉപയോഗപ്പെടുമെന്ന വിശ്വാസത്തിലാണ് ആ പണം കോവിഡ് രോഗികൾക്കായി മാറ്റിവെച്ചത്' -വിരാഫ് പട്ടേല്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.