
ചിത്രീകരണത്തിനിടെ അപകടം; വീൽ ചെയറിൽ ഇരുന്ന് ഹ്രസ്വചിത്രം പൂർത്തിയാക്കി അലൻ വിക്രാന്ത്
text_fieldsകൊച്ചി: അലൻ വിക്രാന്ത് വീൽചെയറിൽ ഇരുന്ന് സംവിധാനം ചെയ്ത് പൂർത്തികരിച്ച 'കോട്ടയത്ത് ഒരു പ്രണയകാലത്ത്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. മൂന്നുവർഷം മുമ്പ് റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ടാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്.
2018ലാണ് സംവിധായകനും ഛായാഗ്രാഹകനുമായ അലനും സുഹൃത്ത് നിധിൻ ആൻഡ്രൂസും വാഹനാപകടത്തിൽപ്പെടുന്നത്.അപകടത്തിൽ നിധിൻ മരിക്കുകയും അലൻ അരക്ക് താഴേക്ക് തളർന്നു വീൽച്ചെയറിൽ അഭയം പ്രാപിക്കുകയും ചെയ്തു. ചിത്രത്തിന്‍റെ ട്രയൽ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം. പിന്നീട് അലൻ ട്രയൽ ഷൂട്ടിങ് ഫൂട്ടേജ് ഉപയോഗിച്ച് വീൽചെയറിൽ ഇരുന്നാണ് ബാക്കി മുഴുവൻ വർക്കുകളും പൂർത്തികരിച്ചത്. അതിനിടയിൽ ഷൂട്ടിങ് ഫൂട്ടേജ് നഷ്ടപ്പെടുക തുടങ്ങി മറ്റനേകം പ്രതിസന്ധികളും ചിത്രം നേരിടുകയുണ്ടായി. എന്നിരുന്നാലും തന്‍റെ പ്രിയ സുഹൃത്ത് നിധിൻ അവസാനമായി അഭിനയിച്ച ചിത്രമായതിനാൽ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തിൽ അലനും സുഹൃത്തുക്കളും ചേർന്ന് ഫിലിം പൂർത്തികരിക്കുകയായിരുന്നു.
ചിത്രത്തിൽ അലൻ വിക്രാന്ത്, നിധിൻ ആൻഡ്രൂസ്, സാൻഡി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അലൻ ഇപ്പോൾ വീൽചെയറിൽ ഇരുന്നുകൊണ്ട് തന്നെ മലയാളം, തമിഴ് ഉൾപ്പെടെ നാലു ഭാഷകളിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.
2016ൽ ചായാഗ്രഹണ പഠനം ഗോൾഡ് മെഡലോടെ പൂർത്തിയാക്കിയഅലൻ സിനിമകളിലും വെബ് സീരീസുകളിലും അനേകം ഷോർട്ട് ഫിലിമുകളിലും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അലനും നിധിനും ചേർന്ന് ഗ്രീൻ വേൾഡ് മീഡിയ എന്ന പേരിൽ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചു. അതിനിടയിൽ അഭിനയത്തോട് താൽപര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിൽ അവസരം ലഭിച്ചെങ്കിലും വാഹനാപകടം വില്ലനാകുകയായിരുന്നു. തന്‍റെ സിനിമ പുറത്തിറങ്ങുന്നത് തന്നെപ്പോലെ പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രചോദനമാകുമെന്ന് പറയുന്നു കണ്ണൂർ ഇരിട്ടി പയ്യാവൂർ സ്വദേശിയായ അലൻ സെബാസ്റ്റ്യൻ എന്ന അലൻ വിക്രാന്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.