ഒറ്റ ഷോട്ടിൽ സിനിമ; വിസ്മയിപ്പിക്കാൻ 12 വയസ്സുകാരൻ ആഷിക് ജിനു വരുന്നു
text_fieldsആഷിക് ജിനു ചിത്രീകരണത്തിനിടെ
കൊച്ചി: സിംഗിൾ ഷോട്ടിൽ ഒരു സിനിമ ചിത്രീകരിച്ച് വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് കുട്ടി സംവിധായകൻ ആഷിക് ജിനു. ഒന്നേ മുക്കാൻ മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ അത്ര തന്നെ സമയം കൊണ്ട് ചിത്രീകരിക്കുകയും ചെയ്താണ് ഈ 12 വയസ്സുകാരൻ ശ്രദ്ധ നേടുന്നത്. 'കൊളംബിയൻ അക്കാഡമി' എന്ന് പേരിട്ടിരിക്കുന്ന സിനിമ 2021ലെ ചെറിയ പെരുന്നാളിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ലോക്ഡൗൺ മൂലം നീട്ടിവെച്ചിരിക്കുകയാണ്.
2019ൽ പത്താം വയസ്സിൽ ഉപഭോക്തൃ ബോധവത്കരണത്തിന് വേണ്ടി പീടിക എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്താണ് ആഷിക് ജിനു വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ എന്ന യൂനിവേഴ്സൽ റെക്കോർഡ് ഫോറമിന്‍റെ അവാർഡ് ഈ ചിത്രം ആഷികിന് നേടി കൊടുത്തുരുന്നു.
തുടർന്ന് ഏഴോളം ഹ്രസ്വ ചിത്രങ്ങളും രണ്ട് ഡോക്യുമെന്‍ററിയും സംവിധാനം ചെയ്തു. അതിൽ 'പശി' എന്ന ഹ്രസ്വചിത്രത്തിന് മികച്ച സംവിധായകനുള്ള ട്രാവൻകൂർ ഇന്‍റർനാഷണൽ അവാർഡും ലഭിച്ചു. 'ഫിലിപ്പ്' എന്ന ഹ്രസ്വചിത്രവും കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് സംവിധാനം ചെയ്ത 'ദി റൂൾ ഓഫ് പീസ്' എന്ന ഹ്രസ്വചിത്രവും ഏറെ പ്രശംസ നേടി.
പിന്നീട് ആണ് 2020ൽ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ മാതാപിതാക്കൾ ജിനു സേവ്യറിന്‍റെയും രജിതയുടെയും സഹായത്തോടെ 'കൊളംബിയൻ അക്കാഡമി' എന്ന സിംഗിൾ ഷോട്ട്മൂവിയും 'ഇവ' എന്ന സിനിമയും സംവിധാനം ചെയ്തത്. നാല് മാസത്തോളം പരിശീലനം ചെയ്ത ശേഷമാണ് 'കൊളംബിയൻ അക്കാഡമി' ചിത്രീകരിച്ചത്.
ഇപ്പോൾ മാതാപിതാക്കളോടൊപ്പം ചെന്നൈയിൽ താമസിക്കുന്ന ആഷിക് അടുത്ത സിനിമയായ 'പ്രിസണി'ന്‍റെ അണിയറപ്രവർത്തനങ്ങളിലാണ്. പിതാവ് ജിനു സേവ്യർ തിരക്കഥ രചിച്ചിരിക്കുന്ന സിനി നാല് ഭാഷകളിലാണ് ചിത്രീകരിക്കുകയെന്ന് ആഷിക് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.