ബിമൽ റോയിയുടെ 'ദോ ബിഗാ സമീൻ' വെനീസ് ഫിലിം ഫെസ്റ്റിവലിൽ 4K യിൽ പ്രദർശിപ്പിക്കും
text_fields2025 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ബിമൽ റോയിയുടെ 1953 ലെ ക്ലാസിക് ചിത്രമായ 'ദോ ബിഗാ സമീൻ' ന്റെ 4K പുനഃസ്ഥാപിച്ച പതിപ്പ് പ്രദർശിപ്പിക്കും. ബിമൽ റോയിയുടെ 116-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രദർശനം നടക്കുന്നത്. ബിമൽ റോയിയുടെ മക്കളായ റിങ്കി റോയ് ഭട്ടാചാര്യ, അപരാജിത റോയ് സിൻഹ, ജോയ് ബിമൽ റോയ് എന്നിവർ ശിവേന്ദ്ര സിങ്ങ് ദുൻഗർപൂരിനൊപ്പം ചിത്രം അവതരിപ്പിക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, ദി ക്രൈറ്റീരിയൻ കളക്ഷൻ, ജാനസ് ഫിലിംസ് എന്നിവയുടെ സഹകരണത്തോടെയാണ് പുനഃസ്ഥാപിച്ച പതിപ്പ് ഇറങ്ങുന്നത്. റോയിയുടെ സൃഷ്ടികളുടെ പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.
രബീന്ദ്രനാഥ ടാഗോറിന്‍റെ ബംഗാളി കവിതയായ 'ദുയി ബിഘ ജോമി' അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ ബൽരാജ് സാഹ്നിയും നിരുപറോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യലിസ്റ്റ് പ്രമേയത്തിന് പേരുകേട്ട ദോ ബിഗാ സമീൻ ഇന്ത്യയിലെ ആദ്യകാല സമാന്തര സിനിമയിലെ പ്രധാന ചിത്രമായും ട്രെൻഡ് സെറ്ററായും കണക്കാക്കപ്പെടുന്നു. ഇറ്റാലിയൻ നിയോ-റിയലിസ്റ്റിക് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിറ്റോറിയോ ഡി സിക്കയുടെ ബൈസിക്കിൾ തീവ്‌സ് (1948) കണ്ടതിനുശേഷമാണ് ബിമൽ റോയി ഈ സിനിമ നിർമിച്ചതെന്ന് കരുതപ്പെടുന്നു.
ബംഗാളിലെ മുഖ്യധാരാ ഇടത്തുപക്ഷത്തോട് ചേർന്ന് നിൽക്കുകയും, ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷനിൽ അംഗമാവുകയും ഒരുപാട് ഗാനങ്ങളെഴുതി ജന ഹൃദയങ്ങളിൽ കൂടിയിരിക്കാൻ സാധിച്ച സലില്‍ ചൗധരിയാണ് ദോ ബിഗാ സമീന് സംഗീതം നൽകിയത്. ഇതോടെ ബോളിവുഡിലെ അരങ്ങേറ്റം സലില്‍ ചൗധരി ഗംഭീരമാക്കി. പിന്നീട് ബംഗാളി, ഹിന്ദി, മലയാളം തുടങ്ങി പതിമൂന്നോളം ഭാഷകളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങൾക്ക് സലില്‍ ചൗധരി സംഗീതം നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.