ഭീതിയും സസ്പൻസും നിറച്ച് ഭൗമ ട്രെയിലർ; ചിത്രം നവംബർ 12ന് തിയേറ്ററുകളിൽ
text_fieldsവലിയ താരനിരയും മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ബിഗ് ബജറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഭൗമയുടെ ട്രെയിലർ പുറത്തിറങ്ങി. കഥാവഴിയെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകാതെ, സസ്പെൻസും ദുരൂഹതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ പെൻഡുലം എന്ന ചിത്രത്തിന് ശേഷം റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് സിനിമ എത്തുക. കേരളത്തിലെ വിതരണം ഭാവന സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് സിനിമ നിർമിച്ചിരിക്കുന്നത്. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങിയ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ക്രിസ്റ്റോ സേവ്യരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

