'തലയും പിള്ളേരും വീണ്ടും വരുന്നു'; ഛോട്ടാ മുംബൈ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsമോഹൻലാലിന്‍റെ 65-ാം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ഹിറ്റ് സിനിമയായ ഛോട്ടാ മുംബൈ വീണ്ടും റിലീസിനായി ഒരുങ്ങുകയാണ്. 2007ലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിരഞ്ജ് മണിയൻപിള്ള രാജു ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ ചിത്രം മെയ് 21 ന് വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചിത്രത്തിന്‍റെ നിർമാതാവായ മണിയൻപിള്ള രാജുവിന്‍റെ മകനായ നിരഞ്ജിന്‍റെ സ്റ്റോറിയിൽ ചിത്രത്തിന്‍റെ റീ റിലീസിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാം. ബെന്നി പി. നായരമ്പലം തിരക്കഥയെഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ഛോട്ടാ മുംബൈ. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.
വാസ്കോ ഡ ഗാമ(തല)യുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിനൊപ്പം കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്. രാഹുൽ രാജ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അളഗപ്പൻ എൻ ആണ്. ഡോൺ മാക്സാണ് എഡിറ്റിങ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.