കർണാടകയിൽ സിനിമ ടിക്കറ്റ് നിരക്ക് ഏകീകരിച്ചു
text_fieldsബംഗളൂരു: കർണാടക സർക്കാർ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സിനിമ ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഭാഷയോ സ്ഥലമോ പരിഗണിക്കാതെ ഏകീകൃത ടിക്കറ്റ് വില ഇൗടാക്കണമെന്നാണ് നിർദേശം. ഇത് കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകൾക്കും ബാധകമാണ്.
മൾട്ടിപ്ലക്സുകളിൽ ജനപ്രിയ കന്നട ഇതര സിനിമകളുടെ ടിക്കറ്റ് നിരക്ക് പലപ്പോഴും 1,000 രൂപ കവിയുന്നു. വിലനിർണയം സാധാരണമാക്കുന്നതിനും കൂടുതൽ ആളുകളെ തിയറ്ററുകളിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സർക്കാറിന്റെ ഉത്തരവ് ലക്ഷ്യമിടുന്നത്.
കന്നട സിനിമ വ്യവസായം മാന്ദ്യം നേരിടുകയാണ്. തിരക്ക് കുറഞ്ഞതിനാൽ നിരവധി സിംഗിൾ സ്ക്രീൻ തിയറ്ററുകൾ അടച്ചുപൂട്ടൽ നേരിടുന്നു. മറ്റ് ഭാഷകളിൽ നിന്നുള്ള വലിയ ബജറ്റ് ചിത്രങ്ങൾ കർണാടകയിൽ വലിയ വരുമാനം നേടുന്നുണ്ടെങ്കിലും പ്രാദേശിക സിനിമകൾ ബുദ്ധിമുട്ട് നേരിടുന്നു.
2025-26 സംസ്ഥാന ബജറ്റിലാണ് ടിക്കറ്റ് വില പരിധി ആദ്യമായി നിർദേശിച്ചത്. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതോടെ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും ഒരുപോലെ ആളുകളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡിന് ശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വർധിച്ചുവരുന്ന ആധിപത്യത്തോടുള്ള പ്രതികരണമായും ഈ നീക്കത്തെ കാണുന്നു.
നിരവധി പ്രേക്ഷകർ വീട്ടിൽ സിനിമകൾ കാണുകയും തിയറ്റർ റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ പുതിയ റിലീസുകൾ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ എത്തുകയും ചെയ്തതോടെ, സിനിമ തിയറ്ററുകളിൽ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.