Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിറ്റായെങ്കിലും 'സൂപ്പർ ശരണ്യ' എനിക്ക് കണ്ടിരിക്കാൻ കഴിയില്ല; ചിത്രം ഒട്ടും സംതൃപ്തി നൽകിയിട്ടില്ലെന്ന് സംവിധായകൻ ഗിരീഷ് എ.ഡി

text_fields
bookmark_border
Girish AD
cancel
camera_alt

ഗിരീഷ് എ.ഡി

അർജുൻ അശോകൻ, നസ്ലൻ, മമിത ബൈജു, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'സൂപ്പർ ശരണ്യ' മലയാളത്തിലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ്. എന്നാൽ തിരക്കഥയിൽ ചില പാകപ്പിഴകളുണ്ടെന്നും ആ സിനിമ കാണാൻ തനിക്ക് വലിയ ബുദ്ധിമുട്ടാണെന്നും തുറന്നുപറയുകയാണ് സംവിധായകൻ ഗിരീഷ് എ.ഡി. തന്റെ കരിയറിലെ മറ്റു ചിത്രങ്ങൾ കാണാൻ സാധിക്കുമെങ്കിലും, കോവിഡിന്റെ പ്രതിസന്ധികൾക്കിടയിൽ ധൃതിയിൽ ഷൂട്ട് ചെയ്ത ഈ ചിത്രം തനിക്ക് ഒട്ടും സംതൃപ്തി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

'ദ ഹോളിവുഡ് റിപ്പോർട്ടറിന്' നൽകിയ അഭിമുഖത്തിലാണ് ഗിരീഷ് എ.ഡി തന്റെ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്. സ്വന്തം ചിത്രങ്ങൾ കാണുമ്പോൾ എഴുത്തിലും മേക്കിങ്ങിലും വന്ന പിഴവുകൾ ശ്രദ്ധയിൽപ്പെടാറുണ്ടെങ്കിലും 'സൂപ്പർ ശരണ്യ' കാണുന്നത് തനിക്ക് ഏറെ വിഷമമുള്ള കാര്യമാണെന്ന് സംവിധായകൻ പറയുന്നു.

സൂപ്പർ ശരണ്യ’ എനിക്ക് കണ്ടിരിക്കാൻ കഴിയാത്ത ഒന്നാണ്. മറ്റെല്ലാ സിനിമകളും എനിക്ക് കാണാം, പക്ഷേ ഈ ചിത്രം മാത്രം കാണാൻ സാധിക്കില്ല. ആ സിനിമയുടെ തിരക്കഥയിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. സ്ക്രിപ്റ്റ് ശരിയായി റിവ്യൂ ചെയ്യാൻ പോലും പറ്റിയിരുന്നില്ല. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾക്കിടയിൽ തിടുക്കത്തിൽ ഷൂട്ട് ചെയ്ത ചിത്രമാണിത്.’ ഗിരീഷ് പറഞ്ഞു.

വലിയ സാധ്യതകളുണ്ടായിരുന്ന ഒരു കഥയായിരുന്നു അതെന്നും എന്നാൽ അതിന്റെ പകുതി പോലും എത്തിപ്പിടിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നും ഗിരീഷ് പറയുന്നു. ചിത്രത്തിൽ ധാരാളം കോമഡി സീനുകൾ ഉണ്ടെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അത് തനിക്ക് ഒട്ടും സംതൃപ്തി തരുന്നില്ലെന്നും ആ സിനിമയോട് എപ്പോഴും വലിയൊരു നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കരിയറിൽ ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ രംഗം ഏതാണെന്നും ഗിരീഷ് എ.ഡി വെളിപ്പെടുത്തി. മെഗാഹിറ്റായ 'പ്രേമലു' എന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. കാർ ചേസിനിടയിൽ നായിക നായകനോട് പ്രണയം അഭ്യർത്ഥിക്കുന്ന സീനാണ് തന്റെ സിനിമാജീവിതത്തിൽ ഏറ്റവും സംതൃപ്തി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

2022ൽ പുറത്തിറങ്ങിയ 'സൂപ്പർ ശരണ്യ' കോളജ് പശ്ചാത്തലത്തിലുള്ള കഥയാണ് പറഞ്ഞത്. സൗഹൃദത്തിനും പ്രണയത്തിനും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയ ചിത്രം തിയറ്ററുകളിൽ വലിയ വിജയമായിരുന്നു. അതേസമയം, നിവിൻ പോളിയും മമിത ബൈജുവും മുഖ്യവേഷങ്ങളിൽ എത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആണ് ഗിരീഷ് എ.ഡിയുടെതായി ഒടുവിൽ പുറത്തുവന്ന ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Director Girish A.D. Admits Disappointment With His film Super Saranya
Next Story