'മാർക്കോ' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ കറുത്ത അധ്യായവും സോഷ്യൽ ക്രൈമുമാണ്'; വിമർശനവുമായി സംവിധായകൻ വി.സി അഭിലാഷ്
text_fields'മാർക്കോ' സിനിമക്കെതിരെ വിമർശനവുമായി സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ വി.സി അഭിലാഷ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് 'മാർക്കോ' എന്നാണ് അഭിലാഷ് വിമർശിച്ചത്.
ഇത്രയും മനുഷ്യത്വ രഹിതമായ ആവിഷ്ക്കാരം താനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'മാർക്കോ തീയറ്ററിൽ ഇടവേള സമയം വരെ മാത്രമാണ് കണ്ടത്. ''ഈ പറയുന്നത് പോലുള്ള വയലൻസൊന്നും അതിലില്ലെ"ന്ന് ഒരു സുഹൃത്ത് പറയുന്നത് കേട്ട് ഇന്നലെ ബാക്കി കൂടി കാണാനിരുന്നു.
ഈ സാമൂഹിക വിരുദ്ധ സൃഷ്ടി ഉണ്ടാക്കിയവരും ഇതിനെ വാഴ്ത്തിയവരും സ്വയമൊന്ന് മനോനില പരിശോധിക്കുന്നത് നന്നായിരിക്കും എന്നൊരഭ്യർത്ഥനയുണ്ട്.
നിങ്ങളെന്തിന് ഇത് കാണാൻ തയ്യാറായി?' 'തീയറ്ററിൽ വിജയിച്ചില്ലേ?' എന്നീ ചോദ്യങ്ങൾക്കപ്പുറം, എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കറുത്ത അധ്യായവും വലിയൊരു സോഷ്യൽ ക്രൈമുമാണ് ഈ പ്രോഡക്ട്. ഇത്രയും പൈശാചികമായ/ മനുഷ്യത്യ രഹിതമായ ആവിഷ്ക്കാരം ഞാനൊരു കൊറിയൻ സിനിമയിലും കണ്ടിട്ടില്ല..!' -അഭിലാഷ് വിമർശിച്ചു.
സമൂഹത്തിലെ കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ മാർക്കോ പോലുള്ള സിനിമകൾക്കുള്ള സ്വാധീനം ചർച്ചയാകുന്ന സാഹചര്യത്തിലാണ് വി.സി അഭിലാഷ് രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുന്നത്.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്. ‘മാര്‍ക്കോ’ ടി.വി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) നിഷേധിച്ചിട്ടുണ്ട്. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ.
അതേസമയം സിനിമയിൽ വയലൻസ് കണ്ടതുകൊണ്ട് സമൂഹം വഴി തെറ്റി എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും ചിലർ കമന്റിൻ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.