ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
text_fieldsസസ്പെൻസ് ഡ്രാമയായ മീശ, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ്, രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം കൂലി,സൈയ്യാര,പൊയ്യാമൊഴി,റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം, സര്‍വൈവല്‍ ത്രില്ലര്‍ തേറ്റ, കേരളത്തിലടക്കം വിജയം നേടിയ കന്നഡ ചിത്രം സു ഫ്രം സോ എന്നിവയാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ ചിത്രങ്ങൾ.
മീശ
‘വികൃതി’ക്ക് ശേഷം എം.സി ജോസഫ് ഒരുക്കിയ സസ്പെൻസ് ഡ്രാമയായ മീശ ചിത്രം മനോരമ മാക്സിൽ കാണാം. രണ്ടുസുഹൃത്തുക്കള്‍, അവരുടെ സൗഹൃദം, അധികാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും ഇടപെടല്‍ സൗഹൃദത്തിലുണ്ടാക്കുന്ന വിള്ളല്‍, പക, പ്രതികാരം. ആണ്‍ അഹന്തയും അധികാരരാഷ്ട്രീയവും അരികുവത്കരിക്കുന്ന ജീവിതങ്ങള്‍.. ആണ്‍സൗഹൃദങ്ങളുടെ വ്യത്യസ്തമായ ആഖ്യാനമാണ് എംസി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മീശ'. തമിഴ് നടൻ കതിർ ആദ്യമായി ഒരു മലയാളചിത്രത്തിൽ എത്തുന്നു എന്നൊരു പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ഫോറസ്റ്റ് ഗാർഡായ മിഥുൻ തന്റെ സുഹൃത്തുക്കളായ അനന്തു, ഇമോദ് എന്നിവരെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു ഒത്തുചേരലിന് ക്ഷണിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കതിര്‍, ഹക്കിം ഷാജഹാന്‍, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ഹസ്ലി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂണികോണ്‍ മൂവീസിന്‍റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഫൂട്ടേജ്
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ഫൂട്ടേജ് സൺനെക്സ്റ്റിൽ കാണാം. കുമ്പളിങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, നടന്ന സംഭവം, അന്വേഷിപ്പിൻ കണ്ടെത്തും, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ ആദ്യ സിനിമയാണ് ഫൂട്ടേജ്. ഫൂട്ടേജ് എന്ന സിനിമയുടെ പേരുപോലെ തന്നെ യൂട്യൂബർമാരായ ദമ്പതിമാരുടെ രണ്ട് വ്യത്യസ്ത കാമറകളിൽ റെക്കോർഡ് ചെയ്ത സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് ചിത്രമാണിത്. സൈജു ശ്രീധരൻ തന്നെയാണ് എഡിറ്റർ. മഞ്ജു വാര്യർക്ക് ഒപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കൂലി
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കൂലി' ആമസോൺ പ്രൈം വിഡിയോയിൽ കാണാം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. രജനീകാന്ത് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നാഗാർജുനയാണ് പ്രധാന വില്ലനെ അവതരിപ്പിച്ചത്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്കിൽ 65 കോടിയാണ് സിനിമയുടെ നേട്ടം. കർണാടകയിലും കേരളത്തിലും സിനിമക്ക് അത്ര നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കേരളത്തിൽ ജയിലർ നേടിയതിനെക്കാൾ താഴെ വരുമാനമാണ് കൂലിക്ക് നേടാനായത്.
സൈയ്യാര
അഹാൻ പാണ്ഡേ, അനീത് പദ്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സൂറി സംവിധാനം ചെയ്ത സൈയ്യാര നെറ്റ്ഫ്ളിക്സിൽ കാണാം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ പ്രണയചിത്രമാണിത്. അഹാന പാണ്ഡെയുടെ സഹോദരന്‍ കൂടിയായ അഹാന്‍ പാണ്ഡെയുടെ ആദ്യ സിനിമയാണിത്. 35 കോടി ബജറ്റിലാണ് സൈയ്യാര ഒരുക്കിയത്. ക്രിഷ് കപൂര്‍ എന്ന ഗായകന്റെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന വാണി എന്ന പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്.
പൊയ്യാമൊഴി
ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത ചിത്രമാണ് പൊയ്യാമൊഴി മനോരമ മാക്സിൽ കാണാം. ജാഫർ ഇടുക്കി വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശരത് ചന്ദ്രനാണ്. ഒരു നിഗൂഢ വനത്തിനുള്ളിൽ ഒരു വേട്ടക്കാരനും അവന്റെ ഇരയും ഒരുമിച്ച് നടത്തുന്ന ത്രില്ലിംഗ് യാത്രയാണ് കഥയുടെ ഇതിവൃത്തം. ഫ്രഞ്ച് റിവിയേറയിൽ കാൻ ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റിൽ ചിത്രത്തിന്റെ പ്രദർശനം നടന്നിരുന്നു.
കോലാഹലം
റഷീദ് പറമ്പിൽ സംവിധാനം ചെയ്ത കോമഡി ഡ്രാമ കോലാഹലം മനോരമ മാക്സിൽ കാണാം. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പിള്ളത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാല്‍ വിശ്വനാഥന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
തേറ്റ
അമീര്‍ നിയാസിനെ നായകനാക്കി റെനീഷ് യൂസഫ് കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലര്‍ തേറ്റ മനോരമ മാക്സിൽ കാണാം. സംവിധായകന്‍ എം. ബി പത്മകുമാർ, ശരത് വിക്രം, അജീഷ പ്രഭാകർ, ഭദ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പല്ലികാട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അരവിന്ദ് പ്രീതയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തിൽ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ. മകൻ ശങ്കരന് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത് കൊണ്ട് ഭയത്തോടെയാണ് ഇതിനെ കാണുന്നത്. എന്നാൽ ശങ്കരന്റെ കുറച്ചു സുഹൃത്തുക്കൾ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോൾ കാടിനുള്ളിൽ അകപ്പെട്ടുപോകുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സു ഫ്രം സോ
കേരളത്തിലടക്കം വിജയം നേടിയ കന്നഡ ചിത്രം സു ഫ്രം സോ ജിയോ ഹോട്സ്റ്റാറിൽ കാണാം. ജെ.പി തുമിനാട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.