കൗതുകം ലേശം കൂടുതലാ; ഷാരൂഖ് ഖാന്റെ മന്നത്തിൽ ഡെലിവറി ഏജന്റായി കയറാൻ ശ്രമിച്ച് ആരാധകൻ; വിഡിയോ വൈറൽ
text_fieldsബോളിവുഡിലെ കിങ് ഖാന് വലിയൊരു ആരാധകവൃന്ദമുണ്ട്. ഷാരൂഖിനെ ഒരു നോക്ക് കാണാൻ ഏതറ്റം വരെയും പോകാൻ ആരാധകർ തയാറാണ്. എന്നാൽ കിങ് ഖാനെ കാണാനുള്ള അതിയായ ആഗ്രഹത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശുഭം പ്രജാപത് സൊമാറ്റോ ഡെലിവറി ബോയ് ആയി ഷാരൂഖിന്റെ വസതിയായ മന്നത്തിൽ കയറാൻ ശ്രമിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ കാണാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ പൂർണ വിഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
മന്നത്തിന് പുറത്ത് നിൽക്കുന്ന ശുഭം ഷാരൂഖിനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നിടത്താണ് ക്ലിപ്പ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വസതിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. എന്നിരുന്നാലും, ശുഭം പിന്മാറാൻ തയാറായില്ല. പകരം ഒരു പദ്ധതി തയ്യാറാക്കി. തനിക്കും ഷാരൂഖിനും വേണ്ടി അയാൾ സൊമാറ്റോയിൽ നിന്ന് രണ്ട് കോൾഡ് കോഫികൾ ഓർഡർ ചെയ്യുന്നു.
ഡെലിവറി ഏജന്റ് അഞ്ച് മിനിറ്റിനുള്ളിൽ കാപ്പി കൊണ്ടുവരുന്നു. തന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി ശുഭം ഡെലിവറി ഏജന്റിനോട് ഡെലിവറി ബാഗ് കൈമാറാനും ഓർഡർ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കാനും അഭ്യർത്ഥിക്കുന്നു. കുറച്ച് നിർബന്ധിച്ചതിന് ശേഷം ഡെലിവറി ഏജന്റ് സമ്മതിക്കുന്നു. കോൾഡ് കോഫി ഷാറൂഖിന് കൊടുക്കാൻ എന്ന രീതിയിൽ ഡെലിവറി ബാഗ് തോളിൽ തൂക്കി ശുഭം ആത്മവിശ്വാസത്തോടെ മന്നത്തിന്റെ പ്രധാന ഗേറ്റിലേക്ക് നടന്നു.
എന്നാൽ മുൻവശത്തെ ഗേറ്റിലെ കാവൽക്കാരൻ അവനെ അകത്തേക്ക് കടത്തിവിടുന്നില്ല. രഹസ്യമായി പ്രവേശിക്കാവുന്ന ഒരു വാതിലിലേക്ക് അവനെ നയിക്കുന്നു. ആവേശഭരിതനായ ശുഭം അവിടേക്ക് ഓടുന്നു. പിൻവാതിലിൽ എത്തിയപ്പോൾ അയാൾ അതേ കഥ മറ്റൊരു ഗാർഡിനോട് ആവർത്തിക്കുന്നു. കാപ്പി വിതരണം ചെയ്യാൻ വന്നതാണെന്ന് പറയുന്നു. എന്നിരുന്നാലും, ഓർഡർ ചെയ്ത വ്യക്തിയെ വിളിക്കാൻ ഗാർഡ് ആവശ്യപ്പെടുകയും ശുഭം അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്തപ്പോഴാണ് ഗാർഡിനും കാര്യം മനസിലായത്. ശുഭം തന്നെ പോസ്റ്റ് ചെയ്ത ഇതിന്റെ വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
എന്നാൽ മന്നത്ത് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഷാരൂഖ് ഖാനും കുടുംബവും താൽക്കാലികമായി രണ്ട് ഡ്യൂപ്ലെക്സ് അപ്പാർട്ടുമെന്റുകളിലേക്ക് താമസം മാറിയിട്ടുണ്ട്. മുംബൈയിലെ പാലി ഹിൽ പ്രദേശത്തുള്ള പൂജ കാസ കെട്ടിടത്തിലാണ് ഇപ്പോൾ ഷാരൂഖും കുടുംബവും താമസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.