ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്ന അഞ്ച് ചിത്രങ്ങൾ
text_fieldsഈ ആഴ്ച അഞ്ച് ചിത്രങ്ങളാണ് ഒ.ടി.ടിയിലെത്തുന്നത്. വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ, സുദേവ് നായർ നായകനായ കമ്മട്ടം,ഹ്യൂമർ ചിത്രം രവീന്ദ്രാ നീ എവിടെ, ഉണ്ണി മുകുന്ദന്‍റെ കാഥികൻ, സൈജു കുറുപ്പിന്‍റെ ഫ്ലാസ്ക് എന്നിവയാണ് ഈ ആഴ്ച എത്തുന്നത്.
കണ്ണപ്പ
വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രമാണ് ബിഗ് ബജറ്റനിലൊരുങ്ങിയ കണ്ണപ്പ. മലയാളം അടക്കം വിവിധ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 4 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുക്കിയത്. ഏകദേശം 200 കോടിയാണ് ബജറ്റ്.
കമ്മട്ടം
സുദേവ് നായർ നായകനായ മലയാള ക്രൈം പരമ്പരയായ കമ്മട്ടം സെപ്റ്റംബർ 5 ന് സീ 5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ഈ പരമ്പര സങ്കീർണ്ണമായ സാമ്പത്തിക പദ്ധതികളെക്കുറിച്ച് ആഴ്ന്നിറങ്ങുന്ന ഒരു നിഗൂഢ ക്രൈം ത്രില്ലർ ആയാണ് കണക്കാക്കപ്പെടുന്നത്. ജിയോ ബേബി, വിവ്യ ശാന്ത്, അഖിൽ കവലയൂർ, ശ്രീരേഖ, അരുൺ സോൾ, ജോർഡി പൂജാർ, അജയ് വാസുദേവ്, ജിൻസ് ഭാസ്കർ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഷിഹാബുദീൻ കെയുടെ കഥയെ ആസ്പദമാക്കി സഞ്ജിത്ത് ആർ.എസ്, സുധീഷ് സുഗുണാനന്ദൻ, ജോസ് തോമസ് പോളക്കൽ എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
രവീന്ദ്രാ നീ എവിടെ
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ശീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രമാണ് 'രവീന്ദ്രാ നീ എവിടെ?'സൈന പ്ലേയിലൂടെ സെപ്റ്റംബർ 3 മുതൽ സ്ട്രീമിങ് ആരംഭിക്കും. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ബി.കെ ഹരി നാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് ഉള്ളേരിയാണ്. അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമിച്ച ചിത്രമാണിത്.
കാഥികന്‍
ഉണ്ണി മുകുന്ദനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് കാഥികൻ. കഥാപ്രസംഗത്തിന്റെയും കാഥികരുടെയും പ്രൗഢിനിറഞ്ഞ പഴയകാലവും ഇപ്പോഴത്തെ അവസ്ഥയെയും തുറന്നു കാട്ടുന്ന ചിത്രമാണിത്. സെപ്റ്റംബർ 4 മുതൽ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഒരു ജുവനൈൽ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പറയുന്നത്. മുകേഷാണ് കാഥികൻ ചന്ദ്രസേനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജയരാജ് ആണ്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ മനോജ് ഗോവിന്ദും സംവിധായകന്‍ ജയരാജും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
ഫ്ലാസ്ക്
ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫ്ലാസ്ക്. ചിത്രം സെപ്റ്റംബർ 4ന് മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോ ആണ് നിർമാണം. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്‍റെ നിർമാണവും. ലിജോ ജോസഫ്, രതീഷ് എം.എം എന്നിവരാണ് മറ്റു നിർമാതാക്കൾ. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാർ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.