ഭക്തിയും യുക്തിയും പ്രമേയമാക്കി രാജേഷ് നായരുടെ 'ഹരിവരാസനം' എത്തുന്നു
text_fieldsഭക്തിയും യുക്തിയും ഒപ്പം വിശ്വാസത്തിന്‍റെ മാറ്റുരക്കുന്ന ശക്തിയും പ്രമേയമാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ മലയാള ത്രില്ലർ ചിത്രം 'ഹരിവരാസനം' പ്രഖ്യാപിച്ചു. പ്രമുഖ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അജിത് വിനായക ഫിലിംസിന്‍റെ അജിത് വിനായക, പനോരമ സ്റ്റുഡിയോസിന്‍റെ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അമ്പാടി കെ. ആണ്. ഭക്തി, ദുരൂഹത, അതിരുകളില്ലാത്ത മാനുഷിക ബന്ധങ്ങൾ എന്നിവയെ കോർത്തിണക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
മകൾക്ക് തന്നിലുള്ള നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു പിതാവാണ് കേന്ദ്രകഥാപാത്രം. ശാരീരികവും വൈകാരികവുമായ അതിരുകൾ താണ്ടിയുള്ള യാത്രയിൽ അദ്ദേഹത്തിന്‍റെ ഉള്ളിലെ വിശ്വാസങ്ങൾ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നു. വിശ്വാസത്തിന്‍റെ നിശബ്ദമായ ആശ്വാസത്തിനും യുക്തിയുടെ കഠിനമായ യാഥാർഥ്യങ്ങൾക്കും ഇടയിലുള്ള കടുത്ത പോരാട്ടത്തിൽ, ഏറ്റവും കഠിനമായ യാത്ര പിന്നിട്ട ദൂരമല്ല, മറിച്ച് ആ യാത്രയിൽ ഉപേക്ഷിക്കേണ്ടിവന്ന സ്വന്തം വ്യക്തിത്വത്തിന്‍റെ ഭാഗങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ യോഗി ബാബു, ബേബി ഈവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിറാം എന്നിവരും അഭിനയിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.
'എസ്കേപ്പ് ഫ്രം ഉഗാണ്ട', 'സാൾട്ട് മാംഗോ ട്രീ', 'തൃശ്ശൂർ പൂരം', 'മഹാദേവ് കാ ഗോരഖ്പൂർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ജീവിതത്തോടുള്ള വളരെ വ്യത്യസ്തമായ രണ്ട് കാഴ്ചപ്പാടുകൾ—വിശ്വാസവും യുക്തിയും—ഒന്നിക്കുന്ന കഥയാണിത്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലൂടെ ഇത് പര്യവേഷണം ചെയ്യുന്നു എന്നതും, ഒരു പ്രത്യേക ലക്ഷ്യത്തോടെ ആരംഭിക്കുന്ന യാത്ര എങ്ങനെ കൂടുതൽ ആഴത്തിലുള്ള തിരിച്ചറിവുകളിലേക്ക് നയിക്കുന്നു എന്നതുമാണ് എന്നെ ആകർഷിച്ചത്. ശബരിമലയുടെ പശ്ചാത്തലം കഥയ്ക്ക് വേറിട്ട ഒരു വൈകാരികവും ആത്മീയവുമായ തലം നൽകുന്നു, അതേസമയം ത്രില്ലർ ഘടകങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു നിർത്തും. ആഗോളതലത്തിൽ ഏവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന വൈകാരിക പശ്ചാത്തലമുള്ള ഈ ചിത്രത്തിൽ പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ട്' സംവിധായകൻ രാജേഷ് നായർ പറഞ്ഞു.

