സസ്പെൻസ് പൊളിച്ച് സെൻസർ ബോർഡ്; ഹൃദയപൂർവത്തിൽ മീരാ ജാസ്മീനും ബേസിൽ ജോസഫും
text_fieldsസത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ഹൃദയപൂർവം സിനിമ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഓണം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം റീജിണൽ സെൻസർ ബോർഡ് 'യു' സർട്ടിഫിക്കറ്റ് നൽകിയ വിവരം മോഹൻലാൽ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിന്നു. എന്നാൽ സെൻസർ ബോർഡ് പുറത്തു വിട്ട സർട്ടിഫിക്കറ്റു കാരണം സിനിമയിലെ സസ്പെൻസ് പൊളിഞ്ഞിരിക്കുകയാണ്. അഭിനേതാക്കളുടെ ലിസ്റ്റിൽ കാമിയൊ റോളിൽ മീരാ ജാസ്മിനും ബേസിൽ ജോസഫും. www.cbfcindia.gov.in/
രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്‍റ് ജെന്‍റിൽമൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ ജോഡികളാണ് മീരാ ജാസ്മിനും മോഹൻലാലും. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ സിനിമയിൽ സജീവമായിത്തുടങ്ങിയത് സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ ജയറാം നായകനായ മകൾ എന്ന സിനിമയിലൂടെയായിരുന്നു.
മോഹൻലാലിനും സത്യനന്തിക്കാടിനുമൊപ്പം ബേസിൽ ജോസഫിന്‍റെ ആദ്യ സിനിമയാണ് ഹൃദയപൂർവം. ബേസിൽ ജോസഫ് സഹനടനായെത്തിയ ടൊവിനോ തോമസ് ചിത്രം, 'അജയന്‍റെ രണ്ടാം മോഷണം' മോഹൻലാലിന്‍റെ ശബ്ദ വിവരണത്തോടെയായിരുന്നു തുടങ്ങിയത്. പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിനൊന്ന് മികച്ച അണിയറപ്രവർത്തകരാണ് ഹൃദയപൂർവം സിനിമയിലുള്ളത്. എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ വമ്പൻ വിജയത്തിനു ശേഷം ഒരു ഫാമിലി ഹിറ്റു സമ്മാനിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആഗസ്റ്റ് 28നാണ് പ്രദർശനത്തിനെത്തുന്നത്. വർഷങ്ങൾക്കു ശേഷമാണ് വീണ്ടുമൊരു സത്യൻ അന്തിക്കാട്-മോഹൻ ലാൽ കോമ്പോ വരുന്നത്. പുണെയുടെ പശ്ചാത്തലത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.