കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
text_fieldsകൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച് മിമിക്രിവേദികളിലും വെള്ളിത്തിരയിലും നിറഞ്ഞുനിന്ന നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഷൂട്ടിങ് അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച മുറിയിലെത്തി മടങ്ങാനിരിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയ അദ്ദേഹം ഏറെ നേരമായിട്ടും പുറത്തേക്ക് വരാതായതോടെ ഹോട്ടൽ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സിനിമ-നാടക നടനായിരുന്ന അബൂബക്കറിന്‍റെ മകനായി ജനിച്ച അദ്ദേഹം 1992 മുതൽ സിനിമയിൽ സജീവമായി.
നടി രഹ്നയാണ് ഭാര്യ. മക്കൾ: മെഹ്റിൻ, റൈഹാൻ, റിഥ്വാൻ. സഹോദരൻ നിയാസും അഭിനേതാവാണ്. മിമിക്രി വേദികളിലൂടെയാണ് നവാസ് കലാജീവിതം ആരംഭിച്ചത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായ അദ്ദേഹം ധാരാളം വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സഹോദരൻ നിയാസ് ബക്കറിനൊപ്പം ചേർന്ന് കൊച്ചിൻ ആർട്സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995ൽ ചൈതന്യം എന്ന സിനിമയിലാണ് നവാസ് ആദ്യമായി അഭിനയിക്കുന്നത്.
തുടർന്ന് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, മാട്ടുപ്പെട്ടി മച്ചാൻ, മിസ്റ്റർ ആൻഡ് മിസിസ്, ചൈതന്യം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, നീലാകാശം നിറയെ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരുപെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, അച്ചായൻസ്, മേരാനാം ഷാജി എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു.
കോമഡി കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചത്. നിരവധി ടെലിവിഷൻ കോമഡി പരിപാടികളിലും പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലമായി ആലുവയിലായിരുന്നു നവാസും കുടുംബവും താമസം. മൃതദേഹം രാത്രി 11.15ഓടെ ചോറ്റാനിക്കരയിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുംശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.