'ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നൊക്കെ തോന്നും'; ലക്ഷ്മി മേനോൻ
text_fieldsസോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി മേനോൻ. അവതാരകനും നടനുമായ മിഥുൻ ഭാര്യ ലക്ഷ്മിയോടൊപ്പം ചെയ്യുന്ന റീലുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഈ ദമ്പതികൾക്ക് വൻ ആരാധകവൃന്ദം തന്നെയുണ്ട്. ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ് താനെന്നും മരുന്നിന്‍റെ ഫുൾ കൺട്രോളിലാണ് താനെന്നും പറയുകയാണ് ലക്ഷ്മി.
ഡയബറ്റീസിന് ആളുകള്‍ മരുന്ന് കഴിക്കുന്നത് പോലെ തുടർച്ചയായി മരുന്ന് കഴിക്കണം. ഇല്ലെങ്കില്‍ മൂഡ് സ്വിങ്‌സ് വരും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നൊക്കെ തോന്നും എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറയുന്നു.
'സാഡ്നെസ് ഒരിക്കലും ഡിപ്രഷനല്ല. അത് തെറ്റിദ്ധരിക്കുന്ന ഒരുപാട് പേരുണ്ട്. പുറത്ത് നിന്നും നോക്കുമ്പോൾ എനിക്കിപ്പോ ആരോഗ്യപരമായിട്ട് അടക്കം എന്താ പ്രശ്നമെന്ന് മറ്റുള്ളവർക്ക് തോന്നും. പക്ഷേ ഞാൻ ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിർത്തി കഴിഞ്ഞാൽ എനിക്ക് മൂഡ് സ്വിംഗ്സ് തുടങ്ങും. അതൊരു വേറൊരു സ്റ്റേജിലേക്ക് എത്തും. നമ്മളേ ഈ ഭൂമിക്ക് ആവശ്യമേ ഇല്ലെന്ന് തോന്നും. എന്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്നൊക്കെ തോന്നും. മരുന്ന് നിർത്തി കഴിഞ്ഞാൽ ആ ഒരു സ്റ്റേജിലേക്ക് എത്തും. ഡയബറ്റിക് ഉള്ള ആളുകളൊക്കെ തുടരെ മരുന്ന് കഴിക്കില്ലേ? അതുപോലെ എനിക്കും ഈ മരുന്ന് കഴിച്ചു കൊണ്ടിരിക്കണം. അതാണ് എന്റെയൊരു അവസ്ഥ. അത് ബാലൻസ് ചെയ്ത് കൊണ്ടുപോകണം. അല്ലെങ്കിൽ പ്രശ്നമാണ്.'
'ഇപ്പോഴെനിക്ക് മൂഡ് സ്വിംഗ്സ് വരാറില്ല. കാരണം ഫുൾ മരുന്നിന്റെ കൺട്രോളിലാണ്. ഇതിന്റെ തുടക്ക സമയത്ത് സംഭവം എന്താണെന്ന് തൻവിക്കും മിഥുൻ ചേട്ടനും മനസിലായിരുന്നില്ല. ഇവര് നല്ലോണം പേടിക്കയും ചെയ്തു. അങ്ങനെയാണ് ഡോക്ടറെ പോയി കാണുന്നത്. ഈ സമയത്തൊക്കെ മിഥുൻ ചേട്ടൻ, എന്റെ അമ്മ, തൻവി ഭയങ്കര സപ്പോർട്ട് ആയിരുന്നു', എന്ന് ലക്ഷ്മി പറയുന്നു.
'ഡിപ്രഷനൊക്കെ വരുമ്പോൾ ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണ്. ഒരുപാട് മാറ്റമുണ്ടാകും. ഡിപ്രഷനാണെന്ന് അഭിനയിക്കുകയാണെന്ന് ചിലര്‍ വിചാരിക്കും. പനി പോലെയാണിത്. ഒരസുഖം തന്നെയാണ് ഇതും. അത് ആളുകൾക്ക് അറിയില്ല' എന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.