ബോക്സ് ഓഫിസ് തൂക്കി സൂപ്പർ ഹീറോ യൂനിവേഴ്സ്; 100 കോടി കടന്ന് 'ലോക'
text_fieldsമലയാള സിനിമയിലെ ആദ്യത്തെ വനിത സൂപ്പർഹീറോ ചിത്രമായ 'ലോക ചാപ്റ്റർ 1: ചന്ദ്ര' ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുകയാണ്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, തുടരും എന്നിവക്ക് ശേഷം ആഗോള ബോക്സ് ഓഫിസിൽ 100 കോടി മറികടക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ലോക. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണ് ലോക. പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.
ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 'ലോക' ആഭ്യന്തര ബോക്‌സ് ഓഫിസിൽ 46 കോടി രൂപയുടെ നെറ്റ് കലക്ഷൻ നേടിയിട്ടുണ്ട്. ബുധനാഴ്ചത്തെ കണക്കുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ബോക്‌സ് ഓഫിസിൽ രണ്ടാം വാരാന്ത്യത്തിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 35 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്.
അതേസമയം, ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളെ അപമാനിക്കുന്നതാണെ അഭിപ്രായങ്ങൾ പ്രചരിച്ചിരുന്നു. അതേതുടർന്ന് നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് ഖേദം പ്രകടിപ്പിച്ചു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നും ചിത്രത്തിലെ വില്ലനായ നാച്ചിയപ്പ എന്ന കഥാപാത്രം അമ്മയോട് പറയുന്നുണ്ട്. അതാണ് വിവാദത്തിന് കാരണമായ സംഭാഷണം. എന്നാൽ ചിത്രത്തിലെ വില്ലന്‍റെ സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്ന സംഭാഷണമാണിതെന്നും ഇത് കർണാടകയിലെ സ്ത്രീകളെ അപമാനിക്കുന്നില്ലെന്നും വാദിക്കുന്നവരുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.