'ടോക്സിക്കി'ൽ ഞാൻ ഡബ്ബ് ചെയ്തിട്ടില്ല; പ്രചാരണങ്ങൾക്ക് മറുപടിയുമായി മഹേഷ് കുഞ്ഞുമോൻ
text_fieldsകൊച്ചി: കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' എന്ന ചിത്രത്തിൽ താൻ ഡബ്ബ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി മിമിക്രി താരവും ഡബ്ബിങ് കലാകാരനുമായ മഹേഷ് കുഞ്ഞുമോൻ. ചിത്രത്തിന്റെ മലയാളം പതിപ്പിൽ യഷിന് വേണ്ടി ശബ്ദം നൽകിയത് മഹേഷാണെന്ന യൂട്യൂബ് റിവ്യൂവറുടെ പ്രസ്താവനയ്ക്കെതിരെയാണ് താരം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
ചിത്രത്തിന്റെ റിവ്യൂ പറയുന്ന ഒരു യൂട്യൂബ് റിവ്യൂവിനിടെയാണ് യഷിന്റെ ശബ്ദത്തിന് പിന്നിൽ മഹേഷ് കുഞ്ഞുമോനാണെന്ന് റിവ്യൂവർ സംശയം പ്രകടിപ്പിച്ചത്. എന്നാൽ ഇതിൽ യാതൊരു സത്യവുമില്ലെന്നും ചിത്രത്തിനുവേണ്ടി താൻ പ്രവർത്തിച്ചിട്ടേയില്ലെന്നും മഹേഷ് വ്യക്തമാക്കി. അനാവശ്യമായ തെറ്റിദ്ധാരണകളും അതിനെത്തുടർന്നുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് താൻ ഈ വിവരവുമായി മുന്നോട്ടുവന്നതെന്നും താരം തൻ്റെ വീഡിയോയിലൂടെ കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസും യഷും ചേർന്ന് തിരക്കഥയൊരുക്കി രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രമാണ് 'ടോക്സിക്'. നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥത്തിൽ ചിത്രത്തിന്റെ മലയാളം പതിപ്പിൽ യഷിന് ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ നടൻ റോഷൻ മാത്യുവാണ്. റോഷന്റെ ഡബ്ബിങ്ങിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരിക്കെയാണ് മഹേഷ് കുഞ്ഞുമോന്റെ പേരും അനാവശ്യമായി പരാമർശിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

