ഈ സിനിമ സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ചു മറഞ്ഞ കൂട്ടുകാരന്
text_fieldsസിനിമ നടനാവണമെന്ന മോഹം സഫലമാവാൻ ഏറെ പ്രയത്നിച്ച്, അത് യാഥാർഥ്യത്തിലേക്കെത്തും മുമ്പേ ലോകത്തോട് വിടപറഞ്ഞ സുഹൃത്തിനു വേണ്ടി ജൂലൈ 25ന് ഒരു മലയാള ചലചിത്രം പുറത്തിറങ്ങുന്നു. ഷംനാദ് എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്ത വലംപിരിശംഖ് എന്ന ചിത്രമാണ് സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ആഷിക് ബി.എസ് എന്ന യുവാവിനുള്ള സമർപ്പണമാകുന്നത്.
സോഷ്യൽ മീഡിയയിലും വെബ് സീരീസ് രംഗത്തും പ്രമുഖരായ ഒരു കൂട്ടം കലാകാരന്മാർ ഒന്നിക്കുന്ന ചിത്രമാണ് വലംപിരിശംഖ്. അജീഷ് കുമാർ, ഷഹനാദ് ഷാജി, ആഷിക് ബി എസ്, രാജേഷ് ദേവരാജ്, ഷംനാദ് എന്നിവർ ചേർന്ന് സ്ക്രിപ്റ്റ് എഴുതി, ഒലക്ക എൻറർടൈൻമെൻറ്സിന്‍റെ ബാനറിലാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും പുറത്തിറങ്ങുന്നത് കാണാൻ ആഷിക്ക് ഇല്ലാത്തതിന്‍റെ വേദനയിലാണ് കൂട്ടുകാർ.
ഷിജോ പി. എബ്രഹാം, ദിപിൻ സുരേന്ദ്രൻ, ജാക്സൻ ജോസ്, അരുൺ കൊതി, ലക്ഷ്മി പ്രകാശ്, മണിയമ്മ തുടങ്ങിയ പ്രമുഖ യൂടൂബർമാർക്കൊപ്പം വെബ് സീരീസ് രംഗത്ത് പ്രമുഖരായ ഒരു കൂട്ടം കലാകാരന്മാർ സിനിമയിൽ വേഷമിടുന്നുണ്ട്. പത്തനംതിട്ടയിലെ സീതത്തോട് എന്ന പ്രദേശത്തും സമീപ മേഖലകളിലുമായി പ്രവർത്തിക്കുന്നവരാണ് ഏറെപ്പേരും.
വലംപിരിശംഖിനെ കേന്ദ്രീകരിച്ച് ഒറ്റ ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം. സിയാഉൽ ഹഖ്, നാരായണി ഗോപൻ, രേഷ്മ രാഘവേന്ദ്ര തുടങ്ങിയവർ പാടിയിരിക്കുന്ന ഇതിലെ രണ്ട് പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബിൻസൻ ചാക്കോ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.