ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മലയാള ചിത്രങ്ങൾ
text_fieldsഈ ആഴ്ച മൂന്ന് മലയാള ചിത്രങ്ങൾ ഒ.ടി.ടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. പേരിനെച്ചൊല്ലി ഏറെ വിവാദത്തിലായ സുരേഷ് ഗോപി ചിത്രം ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള, അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വ്യസനസമേതം ബന്ധുമിത്രാതികൾ എന്നിവ ഈ ആഴ്ച ഒ.ടി.ടിയിൽ എത്തും. ഈ വർഷം ആദ്യം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സും ഒ.ടി.ടിയിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.
ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള
സുരേഷ് ഗോപി നായകനായ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) ജൂലൈ 17നാണ് തിയറ്ററിൽ എത്തിയത്. ഇപ്പോഴിതാ, തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് തൊട്ടുമുമ്പ് ചിത്രം ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുകയാണ്. ജെ.എസ്.കെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സി5ൽ ആഗസ്റ്റ് 15 മുതൽ ലഭ്യമാകും.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അഷ്കർ അലി, ദിവ്യ പിള്ള, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ആദ്യ പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദർശനാനുമതി നൽകിയിരുന്നില്ല. എഡിറ്റ് ചെയ്ത പതിപ്പിനാണ് അനുമതി ലഭിച്ചത്. സിനിമയുടെ ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി നൽകിയ ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്.
വ്യസനസമേതം ബന്ധുമിത്രാതികൾ
അനശ്വര രാജൻ നായികയായ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. ചിത്രം ആഗസ്റ്റ് 14 മുതൽ മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. 'വാഴ'ക്ക് ശേഷം വിപിൻ ദാസ് നിർമിച്ച ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
2025ൽ മമ്മൂട്ടിയുടേതായി ആദ്യം തിയറ്ററുകളിൽ എത്തിയത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ആയിരുന്നു. ജനുവരിയിൽ തിയറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഒ.ടി.ടി. സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വിഡിയോ ആണ്.
തിയറ്റർ റിലീസിന് കൃത്യം 40 ദിവസത്തിനുള്ളിൽ ചിത്രം ഒ.ടി.ടി. സ്‌ക്രീനുകളിൽ എത്തേണ്ടിയിരുന്നതാണ്. പക്ഷെ, സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് ഒ.ടി.ടി. റിലീസ് വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ ചിത്രം ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ വീണ്ടും പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.