മലയാളത്തിന്റെ 'വണ്ടർവുമൺ'; ബോക്സ് ഓഫീസിൽ ഹിറ്റായി 'ലോക - ചാപ്റ്റർ വൺ'
text_fieldsLokah Chapter One Poster
മലയാളത്തിന്റെ വണ്ടർ വുമണായി സ്‌ക്രീനിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് കല്യാണി പ്രിയദർശൻ. സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം 'ലോക - ചാപ്റ്റർ വൺ ചന്ദ്ര' ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടി വിജയകുതിപ്പ് തുടരുന്നു. 250തിലധികം സ്‌ക്രീനുകളിൽ ആയാണ് ആദ്യ ദിവസം ചിത്രം പ്രദർശിപ്പിച്ചത്. കൂടാതെ കേരളത്തിൽ മാത്രമായി 130ലേറെ ലേറ്റ് നൈറ്റ് ഷോകളും ചിത്രത്തിന് ലഭിച്ചു.
ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ 'മിന്നൽ മുരളി'ക്ക് ശേഷം ബോളിവുഡിലെ സൂപ്പർ ഹീറോ ചിത്രങ്ങളോട് കിടപിടിക്കുന്ന മലയാളത്തിലെ മറ്റൊരു ചിത്രമാണ് ലോക ചാപ്റ്റർ വൺ. കല്യാണി പ്രിയദർശൻ, നസ്ലൻ.കെ. ഗഫൂർ, നിഷാന്ത് സാഗർ, സാൻഡി, അരുൺ കുര്യൻ, ചന്ദു സലിം കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ആദ്യ ദിവസം തന്നെ 2.6 കോടി കളക്ഷൻ എന്ന റെക്കോഡ് നേട്ടത്തിലേക്ക് എത്താൻ സാധിച്ചു. നിലവിൽ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ നേടുന്ന ആറാമത്തെ മലയാള ചിത്രമാണ് ലോക ചാപ്റ്റർ വൺ.
മലയാള സിനിമയിൽ വ്യത്യസ്തമായ ഒരു പരീക്ഷണവുമായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. റിലീസിന് മുൻപ് തന്നെ ഏറെ പ്രതീക്ഷകളാണ് സംവിധായകൻ ഡൊമിനിക് അരുണും സംഘവും ചിത്രത്തിന് നൽകിയിരുന്നത്. ഫാന്റസിയും റിയലിസവും സിനിമപ്രേമികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. മിത്തുകളും ഐതിഹ്യങ്ങളും ആധുനിക ലോകവുമായി ബന്ധിപ്പിക്കുന്നതിൽ തിരക്കഥ വൻ വിജയമായി മാറിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളുടെ കൃത്യവും വ്യക്തവുമായ ചിത്രീകരണം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
ബിബിൻ പെരുമ്പള്ളി, ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജാക്സ് ബിജോയ് സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിച്ചു. ചമൻ ചാക്കോയാണ് എഡിറ്റർ. കാസ്റ്റിങ് ഡയറക്ടർ: വിവേക് അനിരുദ്ധ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗലൻ, ആർട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, കോസ്റ്റും ഡിസൈൻ: മേൽവി.ജെ, അർച്ചന റാവു, മേക്കപ്പ്: റോനെക്സ് സേവ്യർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.