സൗദി സിനിമയിൽ കോറിയോഗ്രാഫറായി മലയാളി ഡാൻസ് മാസ്റ്റർ
text_fieldsമലയാളി ഡാൻസ് മാസ്റ്റർ വിഷ്ണു വിജയൻ, ‘ഖഷ്മു’ സിനിമ പോസ്റ്റർ
റിയാദ്: സൗദി സിനിമയിൽ കോറിയോഗ്രാഫറായി മലയാളി ഡാൻസ് മാസ്റ്റർ. റിയാദിൽ പോൾസ്റ്റാർ എന്ന പേരിലുള്ള ഡാൻസ് സ്കൂൾ നടത്തുന്ന തിരുവനന്തപുരം ജഗതി സ്വദേശി വിഷ്ണു വിജയനാണ് വ്യാഴാഴ്ച സൗദിയിലുടനീളമുള്ള തിയറ്ററുകളിൽ റിലീസിനെത്തുന്ന ‘ഖഷ്മൂ’ എന്ന സിനിമയിൽ കോറിയോഗ്രഫി നിർവഹിക്കാൻ അവസരം ലഭിച്ചത്. ഒരു മലയാളി ഡാൻസ് മാസ്റ്റർക്ക് സൗദി സിനിമയിൽ ഇത്തരത്തിൽ അവസരം ലഭിക്കുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രശസ്ത ഈജിപ്ഷ്യൻ ചലച്ചിത്ര നടനും സംവിധായകനുമായ മൊത്താസ് അൽ ടോണി സംവിധാനം നിർവഹിച്ച ഖഷ്മൂ ബിഗ് ബജറ്റ് സിനിമയാണ്. ഏറെ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ്. മുഹമ്മദ് അൽറാഷിദും മുഹമ്മദ് അജിലയും ചേർന്ന് രചന നിർവഹിച്ച സിനിമയിൽ മുഹമ്മദ് അൽറാഷിദ്, മുഹമ്മദ് അൽജബർതി, സഈദ് സാലിഹ്, അസായേൽ മുഹമ്മദ്, സലീം അൽഖുസൈം, നവാഫ് അൽസുലൈമാൻ, ബദ്ർ മുഹ്സിൻ, ബയോമി ഫുവാദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
12 വർഷമായി റിയാദിൽ പ്രവാസിയായ വിഷ്ണു തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘പോൾ സ്റ്റാർ’ ഹിപ്ഹോപ് ഡാൻസ് ക്രൂ കമ്പനിയുടെ ഭാഗമായിരുന്നു. അതിനു മുമ്പ് പ്രശസ്ത സിനിമ കോറിയോഗ്രാഫർ സജ്ന നജാമിെൻറ സറീന ഡാൻസ് കമ്പനിയിലായിരുന്നു തുടക്കം. നിരവധി സിനിമകളിൽ ഡാൻസ് ടീമിെൻറ ഭാഗമായി പ്രത്യക്ഷപ്പെടുകയും നിരവധി ചാനൽ റിയാലിറ്റി ഷോകളിലും പിന്നീട് രണ്ട് മൂന്ന് സിനിമകളിലും കോറിയോഗ്രാഫറായും പ്രവർത്തിച്ചു.
അതിനിടയിലാണ് പ്രവാസിയായി റിയാദിലേക്ക് വരുന്നത്. ഇവിടെ പ്രവാസി കുട്ടികളുൾപ്പടെയുള്ളവരെ പരിശീലിപ്പിച്ച് പോൾസ്റ്റാർ ഡാൻസ് ഗ്രൂപ്പ് തുടങ്ങി. 2013 മുതൽ സൗദിയിലെ വിവിധ കലാസാംസ്കാരിക വേദികളിൽ സജീവമായിത്തുടങ്ങി. 2019ൽ ഗൾഫ് മാധ്യമം റിയാദിൽ സംഘടിപ്പിച്ച ‘അഹ്ലൻ കേരള’ മെഗാഷോയിൽ ഡാൻസ് ടീമിനെ അണിനിരത്തി. പിന്നീട് റിയാദിലെ ഇന്ത്യൻ എംബസിയുടെ പരിപാടികളിലും ജിദ്ദ, റിയാദ് സീസൺ പരിപാടികളിലുമെല്ലാം അവസരം ലഭിച്ചു.
അബൂദബി ടൂറിസത്തിെൻറ പ്രമോഷനുവേണ്ടി റിയാദിൽ സംഘടിപ്പിച്ച യാഷ് ഐലൻഡ് പരിപാടിയിൽ കോറിയോഗ്രഫി നിർവഹിക്കാൻ അവസരം ലഭിച്ചതാണ് സൗദി സിനിമയിലേക്ക് വാതിൽ തുറന്നുകിട്ടാൻ ഇടയാക്കിയത്. സൗദി ചലച്ചിത്ര നടൻ മുഹമ്മദ് റാഷിദ് അൽസാരിയാണ് ‘ഖഷ്മു’ സിനിമയിൽ കോറിയോഗ്രഫി ചുമതല നേടിക്കൊടുത്തത്. ഇതടക്കം രണ്ട് സിനിമകളിലാണ് അവസരം ലഭിച്ചത്. മിഡിലീസ്റ്റിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ എം.ബി.സി നിർമിക്കുന്ന സിനിമയാണ് രണ്ടാമത്തേത്. അത് വൈകാതെ റിലീസ് ചെയ്യും.
വിഷ്ണുവിെൻറ ജീവിത പങ്കാളി അഞ്ജു നഴ്സാണ്. ഏക മകൾ നൃത്ത. പിതാവ് എസ്. വിജയൻ വർഷങ്ങൾക്ക് മുമ്പുതന്നെ റിയാദിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങി. നാട്ടിലെത്തി അധികം വൈകാതെ മരണപ്പെട്ടു. മാതാവ് ഗീത നാട്ടിലെ വീട്ടിലാണ്. ജിദ്ദയിലുള്ള വിജേഷ് എന്ന ചന്ത്രുവും എസ്.ബി.ഐ മാനേജർ വിജിത്തും സഹോദരങ്ങളാണ്. വിജേഷ് ജിദ്ദയിൽ അറിയപ്പെടുന്ന ഗായകനാണ്. ജിദ്ദ സീസണിൽ പാടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.