Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവെറുമൊരു സിനിമയല്ല,...

വെറുമൊരു സിനിമയല്ല, ഒരു പാഠപുസ്തകം; വിദ്യാർഥികൾ ഇത് കണ്ടിരിക്കണം! 'പേട്രിയറ്റിന്' മന്ത്രി വി.ശിവൻകുട്ടിയുടെ അഭിനന്ദനം

text_fields
bookmark_border
വെറുമൊരു സിനിമയല്ല, ഒരു പാഠപുസ്തകം; വിദ്യാർഥികൾ ഇത് കണ്ടിരിക്കണം! പേട്രിയറ്റിന് മന്ത്രി വി.ശിവൻകുട്ടിയുടെ അഭിനന്ദനം
cancel
camera_alt

വി.ശിവൻകുട്ടി

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നര പതിറ്റാണ്ടിന് ശേഷം ഒന്നിക്കുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം വെറുമൊരു താരസംഗമം മാത്രമല്ല, നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുകാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം കൂടിയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറയുന്നു.

ഓൺലൈൻ ലോൺ ആപ്പുകളുടെ ക്രൂരമായ കെണികളിൽ പെട്ടുപോകുന്ന സാധാരണക്കാരന്റെ നിസ്സഹായാവസ്ഥയും അതിന് പിന്നിലെ ഭീകരമായ ഡിജിറ്റൽ മാഫിയയെയും ചിത്രം ഗൗരവത്തോടെ അവതരിപ്പിക്കുന്നു. വലിയൊരു താരനിര അണിനിരക്കുമ്പോഴും പ്രമേയത്തിന്റെ ഗൗരവം ചോരാതെ മികച്ച കലാപരമായ മികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാവപ്പെട്ടവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകളെ തുറന്നുകാട്ടുന്ന ഈ ചിത്രം യുവാക്കളും വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു പാഠപുസ്തകമാണെന്ന് അദ്ദേഹം കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം 'പേട്രിയറ്റ്' കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു.

സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ,നയൻതാര,രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ്‌ നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിത്. സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewspatriotcongratulatesV Sivankutty
News Summary - Minister V. Sivankutty congratulates 'Patriot'
Next Story