'മോഹൻലാലിന് ദിലീപിനെ പേടിയോ?, ആര് അഭിനയിച്ചാലും ആ സിനിമ കാണില്ല'; ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച മോഹൻലാലിന് വിമർശനം
text_fieldsകൂട്ടബലാത്സംഗ കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന്റെ പുതിയ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച മോഹൻലാലിനെ വിമർശിച്ച് ആരാധകർ. ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിടോയുള്ള വിയോജിപ്പ് മുമ്പ് തന്നെ പലരും പ്രകടിപ്പിച്ചതാണ്. ഇതിന് പിന്നാലെ മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചിരുന്നു. 'ടി.വിയിൽ വന്നാൽ പോലും കാണില്ല' എന്നായിരുന്നു അതിന് ആരാധകർ നൽകിയ കമന്റ്.
'ലാലേട്ടന്റെ സിനിമകളോട് വിരോധമില്ല, പക്ഷേ കഴിഞ്ഞ എട്ട് വർഷമായി ദിലീപ് അഭിനയിക്കുന്ന സിനിമകൾ ഒ.ടി.ടിയിൽ പോലും കണ്ടിട്ടില്ല അതിനാൽ ഇതും കാണാൻ ഉദ്ദേശിക്കുന്നില്ല' എന്നും 'മോഹൻലാലിന് ദിലീപിനെ പേടിയാണോ' എന്നും പലരും കമന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റർ പങ്കുവെച്ചപ്പോഴും ഇതേ വിമർശനം തുടരുകയാണ്. പലരും ചിത്രം ബോയ്ക്കോട്ട് ചെയ്യണമെന്ന് പറയുന്നുണ്ട്.
'മോഹൻലാൽ അഭിനയിച്ചാലും ദിലീപ് ഉള്ള സിനിമ കാണില്ല. അതിനൊരു മാറ്റവും ഇല്ല' എന്നും 'ഞാനൊരാൾ സിനിമ കണ്ടില്ലെന്ന് കരുതി ഈ സിനിമ വിജയിക്കാതിരിക്കില്ല എന്ന തിരിച്ചറിവ് വെച്ചുകൊണ്ടുതന്നെ പറയട്ടെ... ഈ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ല' എന്നും 'നീതിബോധം എന്നുണ്ട്, ഇന്ത്യയിലെ ഒരു പരമോന്നത ബഹുമതി നേടിയ മലയാള കലാരംഗത്തെ രണ്ടാമത്തെയാൾ എന്ന നിലയിൽ സാമൂഹ്യ പ്രതിബദ്ധത എന്ന ചുരുങ്ങിയ തിരിച്ചറിവ് പ്രകടിപ്പിക്കണമായിരുന്നു' എന്നുമൊക്കെ കമന്റുകളുണ്ട്.
നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിന്ന് എട്ടാം പ്രതിയായ ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്ട്ടിന് ആന്റണി (33), ബി. മണികണ്ഠന് (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൾസർ സുനി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

