Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപെട്ടെന്നൊരിക്കൽ...

പെട്ടെന്നൊരിക്കൽ അപ്രത്യക്ഷമായ 51 ജീവിതങ്ങൾ; 'എം.വി. കൈരളി'യുടെ കഥ സിനിമയാകുന്നു

text_fields
bookmark_border
പെട്ടെന്നൊരിക്കൽ അപ്രത്യക്ഷമായ 51 ജീവിതങ്ങൾ;  എം.വി. കൈരളിയുടെ കഥ സിനിമയാകുന്നു
cancel

കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പൽ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. 'എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി' എന്ന സിനിമ കോൺഫ്ളൂവൻസ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന '2018' എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്.

നെറ്റ്ഫ്ളിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ 'ബ്ലാക്ക് വാറന്റ്' എന്ന ജയിൽ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോൺഫ്ളൂവൻസ് മീഡിയയൊരുക്കുന്ന സിനിമ മറ്റൊരു നാഴികകല്ലായിരിക്കുമെന്നാണ് പ്രതീക്ഷ. നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത് എന്നും യഥാർഥ ചരിത്രസംഭവങ്ങൾ പ്രേക്ഷകരിലേക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയാണിതെന്നും കോൺഫ്ളൂവൻസ് മീഡിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

ജൂഡ് ആന്തണിക്കൊപ്പം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവർത്തകനും കോൺഫ്ളൂവൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എം.വി. കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകൻ, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) എഴുതിയ പുസ്തകമാണ് ഈ സിനിമയുടെ അടിസ്ഥാനം. അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച, ആഴത്തിലുള്ള ഗവേഷണവും വൈകാരികമായ ആവിഷ്കാരവും നിറഞ്ഞ 'ദി മാസ്റ്റർ മറിനർ' എന്ന, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ആഗസ്റ്റ് 25ന് കൊച്ചിയിൽ പ്രകാശനം ചെയ്യും.

എം.വി. കൈരളിയിലെ യാത്രികർക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതക്ക് ചലച്ചിത്രപരമായ ഒരു പരിസമാപ്തി നൽകാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് ജൂഡ് ആന്തണി പറഞ്ഞു. 'അപ്രത്യക്ഷമായില്ലായിരുന്നെങ്കിൽ, എം.വി. കൈരളിയും അത് കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തിന്റെ സമുദ്രയാന ചരിത്രത്തിൽ തിളക്കമേറിയ അധ്യായമായി മാറിയേനെ. അത് നമ്മളോരോരുത്തർക്കും വലിയ അഭിമാനമാകുമായിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു; അമ്പത്തിയൊന്ന് ജീവിതങ്ങൾ അപ്രത്യക്ഷമായി, നിരവധി കുടുംബങ്ങൾ സ്ഥിരമായ ദുരിതത്തിലായി. തങ്ങളുടെ പ്രിയപ്പെട്ടവർ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പലരും ജീവിതം മുഴുവൻ കാത്തിരുന്നു. ഒരു ഭരണകൂടത്തിനും ഒരു വ്യവസ്ഥക്കും അവരുടെ നഷ്ടങ്ങൾക്ക് പരിഹാരം നൽകാനാവില്ല. എം.വി. കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ എളിയ ശ്രമം ആ കുടുംബങ്ങൾക്ക് ഒരു ആശ്വാസമാകുമെന്ന് ഞാൻ കരുതുന്നു. അവരുടെ പ്രിയപ്പെട്ടവരെ ആരും മറന്നിട്ടില്ലെന്ന് ഉറപ്പ് കൂടിയാണ് ഈസിനിമ. എം.വി. കൈരളിയിലെ യാത്രികർക്കുള്ള ഞങ്ങളുടെ ആദരം കൂടിയായിരിക്കും ഇത്. ഈ അവസാനിക്കാത്ത അന്വേഷണത്തിന് സിനിമയിലൂടെയെങ്കിലും ഒരു പരിസമാപ്തി നൽകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷട -ജൂഡ് പറഞ്ഞു.

നോർവേയിൽ നിർമിച്ചതും കേരള ഷിപ്പിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ, ഒരു ആധുനിക ചരക്ക് കപ്പലായിരുന്നു എം.വി. കൈരളി. 1979 ജൂൺ 30ന് ഇരുമ്പയിരുമായി ഈ കപ്പൽ ഗോവയിൽ നിന്ന് യാത്ര തുടങ്ങി. ഒരു സ്ത്രീയും അവരുടെ ചെറിയ കുട്ടിയുമടക്കം 51 പേർ കപ്പലിലുണ്ടായിരുന്നു. ജൂലൈ മൂന്നിന് അവസാന സന്ദേശം അയച്ച ശേഷം കപ്പൽ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ജിബൂട്ടിയിലേക്കുള്ള യാത്രയിലായിരുന്നു അപ്പോൾ കപ്പൽ. അവിടെ നിന്നായിരുന്നു അന്തിമ ലക്ഷ്യമായ കിഴക്കൻ ജർമനിയിലെ റോസ്റ്റോക്കിലേക്ക് തിരിക്കേണ്ടിയിരുന്നത്.

കപ്പൽ അപ്രത്യക്ഷമായതിനെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കേരളമായിരുന്നു. കാരണം കപ്പലിലുണ്ടായിരുന്ന 23 പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഉദ്യോഗസ്ഥരുടെ ഹൃദയശൂന്യമായ നിസംഗതയെ അംഗീകരിക്കാൻ തീരത്ത് കാത്തിരുന്ന അവരുടെ ബന്ധുക്കൾ തയ്യാറായില്ല. തങ്ങളുടെ മാനസിക വ്യഥകളോടും സാമ്പത്തിക പ്രയാസങ്ങളോടും പടവെട്ടി അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ അശ്രാന്ത പരിശ്രമം വിവിധ ഭൂഖണ്ഡങ്ങളിലായി, പല തലങ്ങളിലായി, വ്യാപിച്ച് കിടക്കുന്ന രാഷ്ട്രീയ, കോർപ്പറേറ്റ്, അന്താരാഷ്ട്ര ഗൂഢാലോചനകൾ പുറത്ത് കൊണ്ടുവന്നു.

ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥക്കവസാനം വരുത്താനാണ് ഈ പുസ്തകമെഴുതിയത് എന്ന് 'ദി മാസ്റ്റർ മറിനറിന്റെ രചയിതാവ്, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) പറഞ്ഞു.'കാണാതായ കൈരളി എന്ന കപ്പൽ ഒരു 15കാരനായ കുട്ടിയുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല, അവന്റെ അച്ഛനെയും വഴികാട്ടിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കപ്പൽ തട്ടിക്കൊണ്ടുപോയതാകാം എന്ന തരത്തിൽ വന്ന തുടർച്ചയായ റിപ്പോർട്ടുകളും മാധ്യമ ഊഹാപോഹങ്ങളും കാരണം, ആ കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾ ദിവസങ്ങളോളം, ആഴ്ചകളോളം, വർഷങ്ങളോളം ദുരിതത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു. ഈ ഭയാനകമായ സംഭവത്തിന് 45 വർഷങ്ങൾക്ക് ശേഷമെങ്കിലും ഒരു പരിസമാപ്തിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് 'ദി മാസ്റ്റർ മറിനർ' എന്ന പുസ്തകം. എനിക്ക് മാത്രമല്ല, ഇന്നും അവരുടെ പ്രിയപ്പെട്ടവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ 49 കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം' -അദ്ദേഹം പറഞ്ഞു.

സസ്പെൻസും മനുഷ്യബന്ധങ്ങളിലെ നാടകീയതയും ചിത്രത്തിൽ സമന്വയിക്കുന്നു. ഒമ്പത് വർഷം നീണ്ട കഠിനമായ ഗവേഷണമാണ് ഇതിന് അടിസ്ഥാനം. ധൈര്യം, അതിജീവനശേഷി, സത്യാന്വേഷണം എന്നീ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്നതോടൊപ്പം, ഭരണസംവിധാനങ്ങളുടെ പരാജയങ്ങളുടെയും അവ മൂടിവെക്കുന്നതിനുള്ള ശ്രമങ്ങളുടേയും ഇത് മനുഷ്യജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളുടേയും കഥയാണിത്.

ദീർഘകാലമായി കൈരളിയുടെ കഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു കോൺഫ്ളൂവൻസ് മീഡിയയുടെ സംഘമെന്ന്, ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ കോൺഫ്ളൂവൻസ് മീഡിയ സ്ഥാപകൻ ജോസി ജോസഫ് പറഞ്ഞു. ജൂഡിനെ ഈ സംരംഭത്തിൽ സഹായിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളുമായി ചർച്ചയിലാണെന്ന് ജോസി പറഞ്ഞു. ഇത് സിനിമയെ ആഗോള നിലവാരത്തിൽ ഉയർത്തിപിടിക്കാൻ സഹായകരമായും. കേരളം, മുംബൈ, അന്താരാഷ്ട്ര തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകൾ, എന്നിവിടങ്ങളിലാകും ചിത്രീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie Newsmv kairalimissing cargo shipJude Anthany JosephEntertainment News
News Summary - mv kairali missing-movie news
Next Story