‘തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക, തിരുത്താം: സിനിമ കണ്ടിട്ട് മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കണോ എന്ന് പ്രേക്ഷകർ പറയണം’; തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് നസ്‍ലെൻ
text_fieldsസൂര്യക്കൊപ്പം നസ്ലെൻ
മലയാളത്തിന്റെ യുവതാരം നസ്‍ലെൻ ആദ്യമായി തമിഴ് സിനിമയിലേക്ക് ചുവടുവെക്കുന്നു. സൂര്യയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ആക്ഷൻ-കോമഡി ചിത്രം 'സീനി'ലൂടെയാണ് നസ്ലന്റെ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ ഇതുവരെ കാണാത്ത വ്യത്യസ്തമായൊരു വേഷത്തിലാണ് താരം എത്തുന്നത്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടന്ന പ്രൊമോഷണൽ ചടങ്ങിൽ നസ്‍ലെൻ സംസാരിക്കുകയുണ്ടായി. തന്റെ പുതിയ ചിത്രത്തെക്കുറിച്ചും തമിഴ് അരങ്ങേറ്റത്തെക്കുറിച്ചും നസ്ലൻ സംസാരിച്ചു. ചിത്രം കണ്ട ശേഷം താൻ മലയാളത്തിൽ മാത്രം തുടരണമോ എന്ന് പ്രേക്ഷകർ തീരുമാനിക്കണമെന്നും താരം പറഞ്ഞു.
‘ഒരുപാട് തവണ ദുബൈയിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തേത് സ്പെഷ്യലാണ്. ഇത് എന്റെ ആദ്യത്തെ തമിഴ് ചിത്രമാണ്. അതിനാൽ ഇത് വളരെ പ്രത്യേകത നിറഞ്ഞതാണ്. ചിത്രം കണ്ടുകഴിഞ്ഞാൽ, ഞാൻ മലയാളം സിനിമകളിൽ മാത്രം ഒതുങ്ങിനിൽക്കണോ അതോ തുടരണമോ എന്ന് നിങ്ങളാണ് പറയേണ്ടത്. നവംബർ 6ന് തിയറ്ററുകളിൽ പോയി ചിത്രം കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുക, ഞാൻ തിരുത്താം. ഈ ചിത്രത്തിൽ ഞാൻ അൽപ്പം വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാവരുടെയും സ്നേഹം തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ നസ്‍ലെൻ പറഞ്ഞു.
മലയാള സിനിമാപ്രേമികൾക്ക് സുപരിചിതരായ ഒട്ടനവധി പ്രതിഭകൾ അണിനിരക്കുന്ന ചിത്രമാണ് 'സീൻ'. ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയാണ് നസ്‍ലെൻ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോയിൽ നസ്‍ലിന്‍റെ ഈ വ്യത്യസ്തമായ രൂപം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നസ്ലനൊപ്പം നസ്രിയ നസീം ചിത്രത്തിൽ നായികയായി എത്തുന്നുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വിജയചിത്രങ്ങളായ 'ആവേശം', 'രോമാഞ്ചം' എന്നിവയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവൻ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൂടാതെ പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാമും ഈ ചിത്രത്തിലൂടെ ആദ്യമായി തമിഴിൽ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
നടനും നിർമാതാവുമായ സൂര്യയാണ് 'സീൻ' എന്ന ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 'കറുപ്പ്', 'വിശ്വനാഥൻ ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യയുടെ നിർമാണത്തിൽ എത്തുന്ന അടുത്ത വലിയ ചിത്രമാണിത്. വലിയ മുതൽക്കൂട്ടിൽ ഒരുങ്ങുന്ന ഈ ആക്ഷൻ-കോമഡി ചിത്രം നവംബർ 6ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

