ഇത്തവണ ഓണത്തിന് വല്ല്യേട്ടൻ ഇല്ല: കൈരളിയിലെ 25 വർഷത്തെ പ്രക്ഷേപണ അവകാശം തീർന്നു; മാവേലി ഇല്ലെങ്കിലും വല്യേട്ടൻ വേണമെന്ന് ആരാധകർ
text_fieldsമമ്മൂട്ടി
ഷാജി കൈലാസിന്റെ സംവിധാനത്തിൽ രഞ്ജിത്ത് തിരക്കഥയൊരുക്കി 2000ൽ പുറത്തിറങ്ങിയ 'വല്യേട്ടൻ' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മാസ്-ആക്ഷൻ കുടുംബചിത്രങ്ങളിൽ ഒന്നാണ്. സ്വന്തം കുടുംബത്തിന് തൂണായി നിൽക്കുന്ന അറക്കൽ മാധവനുണ്ണിക്കും കുടുംബത്തിനും ഇന്നും പ്രത്യേക ഫാൻ ബേസുണ്ട്.
രണ്ടായിരത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ബോക്സ് ഓഫീസ് ഹിറ്റുകളിലെ പ്രധാന ചിത്രമായിരുന്നു ‘വല്ല്യേട്ടൻ’. മമ്മൂട്ടിയോടൊപ്പം ശോഭന, സായ് കുമാർ, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. സായ് കുമാർ, എൻ. എഫ് വർഗ്ഗീസ് എന്നിവരുടെ വില്ലൻ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളുമാണ് ഇന്നും ഈ ചിത്രത്തെ ആരാധകർ ഓർത്തിരിക്കുവാനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ.
ഓണം ആയാലും ക്രിസ്തുമസ് ആയാലും കൈരളിയിൽ വല്യേട്ടൻ, ഉസ്താദ് അങ്ങനെ സ്ഥിരം കാണുന്ന കുറച്ച് പടങ്ങൾ ഉണ്ടാവും. ഇത്തവണ ഓണത്തിന് വല്ല്യേട്ടൻ ഇല്ല. കഴിഞ്ഞ 25 വർഷത്തെ ടെലികാസ്റ്റ് അവകാശം കൈരളി പൂർത്തികരിച്ചതായി റിപ്പോർട്ടുകളുണ്ട്. ട്രോൾ മോളിവുഡ് എന്ന സോഷ്യൽമീഡിയ പോസ്റ്റാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. കൈരളി ചാനൽ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് വല്യേട്ടൻ ആണ്, അന്ന് ഓണത്തിന് കൈരളിയിൽ 'വല്യേട്ടൻ' വന്നപ്പോൾ നാടൊന്നാകെ ആ ടിവി സ്ക്രീനിന് മുന്നിലായിരുന്നു. എന്തൊരു ഭംഗിയുള്ള ഓർമകളാണത്. മാവേലി ഇല്ലെങ്കിലും കുഴപ്പമില്ല,പക്ഷേ വല്യേട്ടനില്ലാത്ത ഓണം അത് ആലോചിക്കാൻ കൂടി വയ്യ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കുടുംബബന്ധങ്ങളുടെ ആഴവും വൈകാരികതയും കൃത്യമായ അളവിൽ ചേർത്തുവെച്ച തീവ്രമായ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളുമാണ് വല്യേട്ടനെ വേറിട്ടുനിർത്തുന്നത്. സ്ക്രീനിലെ വമ്പൻ സാന്നിധ്യവും നായകന്റെ ഗാംഭീര്യമുള്ള അവതരണവും കൊണ്ട് മാധവനുണ്ണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. പ്രത്യേകിച്ച് മമ്മൂട്ടി ആരാധകർക്കിടയിലും മലയാളത്തിലെ ക്ലാസിക് ആക്ഷൻ സിനിമകളെ ഇഷ്ടപ്പെടുന്നവർക്കിടയിലും വല്യേട്ടൻ ഇന്നും ഐക്കോണിക് കഥാപാത്രങ്ങളിൽ ഒന്നായി തിളങ്ങിനിൽക്കുന്നു.
റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും, മലയാളത്തിലെ മാസ് സിനിമാചർച്ചകളിലും മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളിലും ഷാജി കൈലാസ് ചിത്രങ്ങളുടെ ലിസ്റ്റിലും വല്യേട്ടൻ എന്നും മുൻപന്തിയിലുണ്ട്. കുടുംബബന്ധങ്ങളുടെ ഈടുറ്റ വൈകാരികതയും ആക്ഷനും പ്രതികാരവും ശക്തമായ സന്ദർഭങ്ങളും സമന്വയിപ്പിച്ച ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി ഇന്നും പ്രേക്ഷകർക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

