മമ്മൂട്ടി ഡോക്ടർ വേഷത്തിൽ; അടൂരിന്റെ ‘പദയാത്ര’ ഡിസംബർ നാലിന് തിയറ്ററുകളിലേക്ക്
text_fieldsമൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ‘പദയാത്ര’ ഡിസംബർ നാലിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പീരിയഡ് ഡ്രാമയാണ് ‘പദയാത്ര’. ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് നേരത്തേ മികച്ച പ്രതികരണം ലഭിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത്. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
‘അനന്തരം’ (1987), ‘മതിലുകൾ’ (1990), ‘വിധേയൻ’ (1993) എന്നീ ചിത്രങ്ങൾക്കുശേഷം അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന നാലാമത്തെ ചിത്രമാണിത്. ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അടൂർ മമ്മൂട്ടി കൂട്ടുക്കെട്ടിൽ എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

