പാകിസ്താനിലും 'രാമായണ' ആവേശം; രൺബീർ ചിത്രം ഓസ്കർ നേടുമെന്ന് ആരാധകർ
text_fieldsരാമായണ ആരാധകർ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' റിലീസിന് മുന്നോടിയായി തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെ പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കറാച്ചിയിലെ ഹിന്ദു സമൂഹം ചിത്രത്തിന്റെ റിലീസിനെ ആഘോഷമാക്കുന്നതിന്റെയും അണിയറ പ്രവർത്തകർക്ക് ആശംസകൾ നേരുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.പാകിസ്താനിലെ ഹിന്ദു സമൂഹം ആഘോഷിക്കുന്ന ഇന്ത്യൻ ഉത്സവങ്ങൾ ഡോക്യുമെന്റ് ചെയ്യുന്ന യൂട്യൂബർ സുമിത് ചന്ദ്രയാണ് ഈ വിഡിയോ പങ്കുവെച്ചത്. പ്രാദേശിക ഹിന്ദുക്കളുമായി സംവദിക്കുകയും ചിത്രത്തോടുള്ള അവരുടെ ആവേശം രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് വിഡിയോ.
നമിത് മൽഹോത്രയാണ് ചിത്രം നിർമിക്കുന്നത്. ഈ സമൂഹത്തിന് ഈ സിനിമ ഒരു സിനിമാറ്റിക് അനുഭവത്തിലുപരിയാണ്. പാകിസ്താനി ഹിന്ദുക്കൾ എന്ന നിലയിൽ, രാമായണം ഒരു സിനിമയേക്കാൾ ഉപരിയാണ്. അതിന്റെ കാലാതീതമായ കഥയും സാംസ്കാരിക പ്രാധാന്യവും ഞങ്ങളെ ഞങ്ങളുടെ പാരമ്പര്യങ്ങളുമായും തലമുറകളുടെ പൈതൃകവുമായും ബന്ധിപ്പിക്കുന്നു.
ഈ ആഘോഷത്തിലൂടെ ഞങ്ങൾ ഞങ്ങളുടെ സന്തോഷം പങ്കിടുന്നു, രാമായണ സിനിമാ ടീമിന് ആശംസകൾ നേരുന്നു, ചിത്രം ലോകമെമ്പാടും വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിഡിയോയിൽ നിരവധി ആളുകൾ രൺബീർ കപൂറിനും സായ് പല്ലവിക്കും നിതേഷ് തിവാരിക്കും റിലീസിന് മുന്നോടിയായി ആശംസകൾ നേരുന്നുണ്ട്.
കറാച്ചിയിലെ ഒരു ക്ഷേത്രത്തിൽ രാമായണത്തിന്റെ പോസ്റ്റർ സ്ഥാപിച്ചുകൊണ്ടുള്ള ആഘോഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഓസ്കർ പോലും നേടുമെന്നും അവിടെ കൂടിയവർ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഹിന്ദു സമൂഹം ചിത്രത്തിന്റെ ദീപാവലി റിലീസിനെ ആഘോഷിക്കാൻ ഒരു ഗാനം ആലപിക്കുന്നതും വിഡിയോയിൽ കാണാം.
സുമിത് ചന്ദ്രയുടെ യൂട്യൂബ് ചാനൽ പാകിസ്താനിൽ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവങ്ങൾ രേഖപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘ഈ ചാനലിൽ ഞങ്ങൾ പാകിസ്താനിൽ ആഘോഷിക്കുന്ന ഇന്ത്യൻ ഉത്സവങ്ങളുടെ വ്ലോഗുകൾ ചെയ്യുന്നു. ജഗന്നാഥ രഥയാത്ര, ഗുരു പൂർണിമ, ഗണേശ ചതുർത്ഥി, നവരാത്രി പൂജ ആഘോഷം തുടങ്ങി ചില മനോഹരമായ ഉത്സവ വ്ലോഗുകൾ ഞങ്ങൾ ഇതിനകം ചെയ്തിട്ടുണ്ടെന്ന് സുമിത് ചന്ദ്ര പറയുന്നു. അതൊക്കെ സുമിതിന്‍റെ യൂട്യൂബ് ചാനലിലുണ്ട്.
പാകിസ്താനിൽ രാമായണ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമോ സ്ഥിരീകരണമോ ഇതുവരെ ഉണ്ടായിട്ടില്ല. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്ന ആദ്യ ഭാഗം 2026 നവംബർ 5ന് തിയറ്ററുകളിൽ എത്തും. യാഷ് രാവണനായാണ് ചിത്രത്തിൽ എത്തുന്നത്. രണ്ടാം ഭാഗം അടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

