തിയറ്ററിൽ തീപ്പൊരി പാറിച്ച് 'പേട്രിയറ്റ്'; വമ്പൻ താരനിര അണിനിരന്ന ചിത്രം ആദ്യ ദിനം നേടിയത് കോടികൾ...
text_fieldsമലയാള സിനിമയിലെ ഇതിഹാസങ്ങൾ ഒന്നിക്കുന്ന 'പേട്രിയറ്റ്' തിയറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ റിലീസ് ചെയ്ത് ആദ്യ ദിനം പിന്നിടുമ്പോൾ നേടിയത് കോടികൾ. ആദ്യദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 9.80 കോടി രൂപയാണ് നേടിയത്. റിലീസ് ദിനത്തില്‍ ശക്തമായ മുന്നേറ്റമാണ് ചിത്രം നടത്തിയിരിക്കുന്നത്.
ആഗോളതലത്തില്‍ 29.37 കോടി രൂപയാണ് ലഭിച്ചത്. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 11.37 കോടി രൂപയാണ്. വിദേശത്ത് നിന്ന് മാത്രം 18 കോടി രൂപയാണ് ചിത്രം നേടിയത്. വരും ദിവസങ്ങളിലും വാരാന്ത്യത്തിലും മികച്ച കലക്ഷന്‍ നേടുമെന്ന് തന്നെയാണ് ട്രാക്കര്‍മാരും ഇന്‍ഡസ്‌ട്രിയിലെ മറ്റു പലരും ഉറ്റുനോക്കുന്നത്. ഏകദേശം 125 കോടി രൂപക്ക് മുകളിലാണ് പേട്രിയറ്റിന്‍റെ നിര്‍മാണ ചെലവ് എന്നാണ് വിവരം.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ഈ വർഷത്തെ ഏറ്റവും വലിയ മലയാള ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 'ലോക ചാപ്റ്റർ വൺ', 'തുടരും', 'വാഴ 2' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ റെക്കോർഡുകൾക്ക് പേട്രിയറ്റ് വലിയ വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.
ഡിജിറ്റല്‍ യുഗത്തില്‍ നടക്കുന്ന ഫോണിലെ ചതിക്കുഴിയെ കുറിച്ച് തന്നെയാണ് മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയ ചിത്രം പറഞ്ഞുപോകുന്നത്. സ്‌മാര്‍ട്ട് ഫോണില്‍ നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒറ്റ ക്ലിക്കുകൊണ്ട് തന്നെ ജീവിതം മാറി മറിയുന്ന കഥ തന്നെയാണ് ചിത്രത്തിന്‍റെ പ്രമേയമായി വന്നത്. സാധാരണക്കാരന്‍റെ പണവും സ്വകാര്യതയുമൊക്കെ നഷ്‌ടപ്പെടുമ്പോള്‍ സര്‍ക്കാരിന് പോലും ഇവ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയുള്ള കോർപറേറ്റ് ഭീമന്മാർ സാധാരണക്കാരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറിയാൽ ഉണ്ടായേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെ കുറിച്ചാണ് സംവിധായകൻ മഹേഷ് നാരായണൻ ‘പേട്രിയറ്റ്’ എന്ന സിനിമയിലൂടെ പറയുന്നത്.
സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് ഫോണുകളിലൂടെയും ലാപ്ടോപ്പുകളിലൂടെയും നുഴഞ്ഞു കയറുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുന്ന ഒരു പോരാളിയുടെ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. വമ്പന്‍ ഹൈപ്പോടെ എത്തിയ പേട്രിയറ്റ് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

