ഹിറ്റ് സിനിമാരംഗങ്ങൾ പുനരാവിഷ്കരിച്ച് കൂട്ടിക്കലിന്റെ സ്വന്തം താരങ്ങള്‍
text_fieldsസിനിമാരംഗങ്ങളിൽ അഭിനയിക്കുന്ന കൂട്ടിക്കൽ സ്വദേശികൾ
കൂട്ടിക്കല്‍: പതിറ്റാണ്ടുകള്‍ക്കുമുമ്പ് തിയറ്ററുകളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ സിനിമ പുനരാവിഷ്കരിച്ച് നാട്ടുകാരുടെ മനം കവരുകയാണ് കൂട്ടിക്കലിന്റെ സ്വന്തം കലാകാരന്മാര്. ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവര്‍മാർ, മുടിവെട്ട്, കൂലിപ്പണി, ലോട്ടറി വില്പന തൊഴിലുകൾ ചെയ്യുന്നവർ അടങ്ങുന്ന കലാകാരന്മാരാണ് വെള്ളിത്തിരയിലെ മിന്നുംതാരങ്ങളായി വിലസുന്നത്.
ഒരുകാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേയമായ വിയറ്റ്നാം കോളനി, ഗോഡ്ഫാദര് എന്നീ സിനിമകളാണ് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നിർമിച്ച് സോഷ്യല്‍മീഡിയയിലൂടെ ജനങ്ങളിലെത്തിച്ചത്. അഞ്ചുമുതല്‍ പത്തുമിനിറ്റുവരെ നീളുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാന്‍ ഒഴിവുദിവസങ്ങള്‍ കണ്ടെത്തും.
വിയറ്റ്നാം കോളനിയിലെ റാവുത്തറായി ലോട്ടറി വില്പനക്കാരന് അഫ്സലും ഗോഡ് ഫാദറിലെ അഞ്ഞൂറാനായി 83കാരനായ ഇബ്രാഹിമും അഭിനയിക്കുന്നു. തിലകനും മുകേഷും ഇന്നസെന്റും മറ്റു നടന്മാരും വിയറ്റ്നാംകോളനി നിവാസികളും എല്ലാം സിനിമയിലെ കഥാപാത്രങ്ങളായി എത്തുമ്പോള്‍ പ്രോത്സാഹനവുമായി നാട് ഒപ്പം നില്‍ക്കുകയാണ്.
റി-ക്രിയേഷന്റെ സംവിധായകനായ വി.സി. അനീഷ് ഓട്ടോറിക്ഷ സവാരിയും പ്രതീക്ഷിച്ച് വെയ്റ്റിങ് ഷെഡ്ഡിലിരിക്കുമ്പോഴാണ് ഇതുസംബന്ധിച്ച ആശയം ഉരുത്തിരിയുന്നത്. ഫേസ്ബുക്കില്‍ റീല്ചെയ്യാനായിരുന്നു ആദ്യ ആലോചന. പിന്നീടത് സിനിമയെന്ന ചിന്തയിലേക്ക് മാറി.
ഒപ്പമുളള കൂട്ടുകാരെല്ലാവരുമായി കൂടിയാലോചിച്ചപ്പോള്‍ അത് വിജയത്തിലെത്തുകയായിരുന്നു. കൂട്ടിക്കലിന്റെ വിവിധ ഭാഗങ്ങളില്‍ പല ദിവസങ്ങളായാണ് ചിത്രീകരണവും നടത്തിയത്. ഡിജിറ്റല്‍ കാമറയിൽ നിസ്സാമും ഷെഫിനുമാണ് രംഗങ്ങൾ പകർത്തിയത്.
രാജേഷ് കൂവേലി സഹസംവിധാനം നിര്‍വഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് ഇവരുടെ ചിത്രം കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.