'ഞാൻ പാപ്പരാസികൾക്ക് മറുപടി കൊടുക്കാറില്ല, ടാഗുള്ള മീഡിയക്ക് കൊടുക്കാം'; യൂട്യൂബർമാരോട് ഗോകുൽ സുരേഷ്
text_fieldsകൊച്ചി: വിവാദങ്ങൾക്കൊടുവിൽ റിലീസായ സുരേഷ് ഗോപി ചിത്രം ജെ.എസ്.കെയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ തിയേറ്ററിലെത്തിയ യൂട്യൂബർമാർക്ക് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് നൽകിയ മറുപടി വൈറലായി.
സിനിമയിൽ വേഷമിട്ട അനിയൻ മാധവ് സുരേഷിന്റെ അഭിനയം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് താൻ പാപ്പരാസികൾക്ക് മറുപടി കൊടുക്കാറില്ലെന്നായിരുന്നു ഗോകുലിന്റെ മറുപടി. സിനിമ കാണാൻ സുരേഷ് ഗോപിക്കൊപ്പം എത്തിയതായിരുന്നു ഗോകുൽ.
'പാപ്പരാസികൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല. ടാഗുള്ള മീഡിയയ്ക്ക് ഞാൻ മറുപടി കൊടുക്കാം. പാപ്പരാസികൾക്ക് തരില്ല. നിങ്ങൾ കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങളൊരു കമ്പനിക്കിത് വിൽക്കുമല്ലോ. അവരതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്ലൈൻ ഇട്ട് വിടും. എനിക്കറിയാം നിങ്ങളെ'- എന്നാണ് ഗോകുലിന്റെ പ്രതികരണം.
കഴഞ്ഞ ദിവസം നടൻ സാബുമോനും യൂട്യൂബർമാരെ കുറിച്ച് ഇതേ പ്രതികണമാണ് നടത്തിയത്. ഇവർ മാധ്യമങ്ങളല്ലെന്നും പാപ്പരാസികളാണെന്നുമാണ് സാബുമോൻ പറഞ്ഞത്. തന്റെ വിഡിയോ പകർത്തുന്ന ആളുകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന സാബുമോന്റെ വിഡിയോയും വൈറലായിരുന്നു.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജെ.എസ്.കെ' പേരുമാറ്റ വിവാദത്തെ തുടർന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന പേരാണ് സെൻസെർ ബോർഡ് വിലക്കിയത്.
രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്.
കോടതി കയറിയ വിവാദങ്ങൾക്കൊടുവിൽ ജാനകി എന്ന പേരിനൊപ്പം 'വി' എന്ന് ചേർത്താൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇത് നിർമാതാക്കൾ ഹൈകോടതിയിൽ സമ്മതിക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫിസിൽ എഡിറ്റ് ചെയ്ത പതിപ്പ് സമർപ്പിച്ച ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്. ചിത്രത്തിന്‍റെ പേര് ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്‍തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.