കലയിൽ കാവി രാഷ്ട്രീയമെഴുതിയ 'അവാർഡ് സ്റ്റോറി'
text_fieldsകേരളത്തെ അപകീർത്തിപ്പെടുത്താൻ നുണകളാൽ പടുത്ത ഒരു സിനിമക്ക് അവാർഡ് നൽകിയതു വഴി വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ജൂറി നടപ്പാക്കുന്നതെന്നാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. ഇതിനകം തന്നെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ കേരള സ്റ്റോറിക്ക് ലഭിച്ച ദേശീയ പുരസ്ക്ക്കാരത്തെ വിമർശിച്ച് മുന്നോട്ടു വന്നു കഴിഞ്ഞു.
2023 ൽ പുറത്തിറങ്ങിയ ദി കേരള സ്റ്റോറി പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വാസ്തവ വിരുദ്ദമായ സിനിമയാണ്. ഒരു ജനതയെ, സംസ്ഥാനത്തെയാകെ അടച്ചാക്ഷേപിച്ച, വർഗീയതയുടെയും തീവ്രവാദത്തിന്‍റെയും താവളമെന്ന് മുദ്രകുത്തിയ, സിനിമക്കാണ് വസ്തുതകൾ തുറന്നു കാട്ടിയ സിനിമ എന്ന പരാമർശത്തോടെ ജൂറി അവാർഡുകൾ നൽകിയത്.
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമാണ് ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്തോ സെന്നിന് ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും സിനിമക്ക് തന്നെ. തുടക്കം മുതൽ വിവാദങ്ങൾ നിറഞ്ഞ സിനിമയായിരുന്നു കേരള സ്റ്റോറി. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച കേരള സ്റ്റോറിയുടെ ട്രെയ്‍ലർ പുറത്തു വന്നതോയെ തന്നെ വിവാദങ്ങൾ ആരംഭിച്ചു.
32000 സ്ത്രീകൾ കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്നാണ് സിനിമയുടെ ട്രെയ്‍ലറിൽ പറഞ്ഞത്. ഇത് സർക്കാർ ഡാറ്റയുമായി ഏറെ അന്തരം നിറഞ്ഞ വാദമായിരുന്നു. വിവാദവും പ്രതിഷേധവും വ്യാപകമായതോടെ സംവിധായകൻ തന്നെ കണക്കിലെ പിഴവുകൾ അംഗീകരിച്ചിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ യാതൊരു പിഴവും കൂടാതെ വ്യക്തമായി സംഘപരിവാർ രാഷ്ടീയം കുത്തിവെക്കുകയും ചെയ്തു.
ബി.ജെ.പിക്ക് രാഷ്ട്രീയ സ്വാധീനവും ഭരണവും അന്യമായ സംസ്ഥാനമെന്ന നിലയിൽ കൃത്യമായ പ്രൊപ്പഗണ്ടയോടെ കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും വാസ്തവ വിരുദ്ധമായ കണക്കുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ഉന്നയിച്ച് വർഗീയതയുടെയും ഭീകരവാദത്തിന്‍റെയും മുഖമായി ചിത്രീകരിക്കുകയാണ് സിനിമ ചെയ്തത്.
സിനിമക്ക് കേരളത്തിൽ വൻ വിമർശനങ്ങളായിരുന്നു ലഭിച്ചത്. കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിസും പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജി സിനിമയുടെ പ്രദർശനം നിരോധിച്ചിരുന്നു. എന്നാൽ വിവാദങ്ങളുടെയും വിമർശനങ്ങളുടെയും ഇടയിലും കേരളത്തിലെ ചില വിദ്യാലയങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ കാലത്തും സിനിമ രാഷ്ട്രീയം പറയുന്നുണ്ട്. എന്നാൽ പൂർണമായും രാഷ്ടീയ പ്രൊപ്പഗണ്ടയുടെ ഭാഗമായി പുറത്തിറങ്ങിയ കേരള സ്റ്റോറിക്ക് ലഭിച്ച അംഗീകാരം കലയിൽ കലരുന്ന കാവി രാഷ്ടീയത്തിന്‍റെ പ്രത്യക്ഷ രൂപമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.