മലയാളത്തിന്റെ വിക്ടോറിയ
text_fieldsശിവരഞ്ജിനി
ഇന്ത്യൻ സിനിമാ ലോകത്തിന്, പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാന നേട്ടമുണ്ടാക്കിയിരിക്കുകയാണ് അങ്കമാലി സ്വദേശി ശിവരഞ്ജിനിയുടെ ആദ്യ സിനിമ ‘വിക്ടോറിയ’. ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘വിക്ടോറിയ’. ചിത്രത്തിലെ പ്രകടനത്തിന് അഭിനേത്രി മീനാക്ഷി ജയൻ ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിൽ മികച്ച നടിക്കുള്ള ഗോൾഡൻ ഗോബ്ലെറ്റ് പുരസ്കാരവും സ്വന്തമാക്കി. കേരള ചലച്ചിത്ര വികസന കോർപറേഷന്റെ സ്ത്രീ ശാക്തീകരണ ഗ്രാന്റിന്റെ സഹായത്തോടെ നിർമിച്ച സിനിമ കഴിഞ്ഞ വർഷം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഐ.ഐ.ടിയിൽ ഗവേഷകകൂടിയായ സംവിധായിക ശിവരഞ്ജിനി ജെ. സംസാരിക്കുന്നു.
വേറിട്ട ആശയം
ഒരു യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിൽ നിന്നുള്ള വിക്ടോറിയ എന്ന ബ്യൂട്ടിഷൻ തന്റെ ഹിന്ദു കാമുകനോടൊപ്പം ഒളിച്ചോടാൻ തീരുമാനിക്കുന്നതും അതിനിടയിൽ അയൽവാസി പള്ളിയിൽ വഴിപാടായി നേർന്ന കോഴിയെ അവളുടെ ബ്യൂട്ടിപാർലറിൽ തൽക്കാലത്തേക്ക് പാർപ്പിക്കാൻ നൽകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. അങ്കമാലിക്കടുത്തുള്ള പാർലറിൽ പോയപ്പോൾ ഒരു കോഴിയെ കണ്ടു. അങ്ങനെയാണ് സിനിമയുടെ കഥയിലേക്കെത്തിയത്. ഓഡിഷൻ വഴിയാണ് അഭിനേതാക്കളെയെല്ലാം തിരഞ്ഞെടുത്തത്. പ്രധാനമായും അങ്കമാലി, ചാലക്കുടി, ആലുവ ഭാഗത്തുള്ളവരെയാണ് ഓഡിഷന് വിളിച്ചത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി മാത്രം തൃപ്പൂണിത്തുറയിൽനിന്ന് വന്ന് അങ്കമാലി ഭാഷാ ശൈലി പഠിച്ചെടുക്കുകയായിരുന്നു.
സിനിമയുടെ എഡിറ്റിങ്, തിരക്കഥ, സംവിധാനം എല്ലാം ഞാൻതന്നെയാണ് ചെയ്തത്. അടുത്ത സുഹൃത്തുക്കൾ തന്നെയായിരുന്നു അണിയറ പ്രവർത്തകർ. മിക്കവരുടെയും ആദ്യ സിനിമയാണിത്. ആദ്യമായി സിനിമ രംഗത്തേക്ക് വരുന്ന സംവിധായകർക്ക് കെ.എസ്.എഫ്.ഡി.സിയുടെ ഇത്തരം പദ്ധതികൾ സഹായകരമാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനൊരു അവസരം സ്ത്രീ സംവിധായകർക്ക് നൽകുന്നില്ല. ഇത് നല്ലൊരു അവസരമാണ്. 20 ദിവസംകൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലും അങ്കമാലിയിലുമായിരുന്നു ഷൂട്ടിങ്.
ഷാങ്ഹായിലേക്ക്
ഷാങ്ഹായിലേക്ക് അവസരം ലഭിച്ചപ്പോൾ ചൈനയിലെ പ്രേക്ഷകർ എങ്ങനെയാവും സിനിമയെ വിലയിരുത്തുക എന്നൊരു ജിജ്ഞാസ ഉണ്ടായിരുന്നു. നല്ല പ്രതികരണമായിരുന്നു അവരിൽനിന്ന് കിട്ടിയത്. അവർ കൂടെ ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങിക്കുകയുമൊക്കെ ചെയ്തു. വ്യത്യസ്ത മതക്കാർ തമ്മിൽ കല്യാണം കഴിക്കുന്നതും ബ്യൂട്ടി പാർലറിൽ പോകുന്നതും മോശമാണെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ടോ എന്ന ചില സംശയങ്ങളും അവർ പ്രകടിപ്പിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നവാഗത സംവിധായികക്കുള്ള ഫിപ്രസി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. വിക്ടോറിയയിലൂടെ ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാൻ പറ്റി. ആദ്യത്തെ സിനിമയിൽതന്നെ ഒരുപാട് പേരുടെ സഹായങ്ങൾ ഉണ്ടായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടി.
പഠനം, ജോലി
വീട് അങ്കമാലിക്കടുത്ത് മഞ്ഞപ്ര എന്ന ഗ്രാമത്തിലാണ്. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ആണ് പഠിച്ചത്. അത് കഴിഞ്ഞ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഫിലിം മാനേജ്മെന്റ് ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ കോഴ്സ് പഠിച്ചു. ഇതിന്റെ ഭാഗമായി ഷോർട് ഫിലിമുകളൊക്കെ ചെയ്തിരുന്നു. അത് കഴിഞ്ഞ് രണ്ടു വർഷം എഡിറ്ററായി ജോലിചെയ്തിട്ടുണ്ട്. ഇപ്പോൾ ഐ.ഐ.ടി ബോംബെയിൽ ഫിലിം സ്റ്റഡീസിൽ പിഎച്ച്.ഡി ചെയ്യുകയാണ്. അടുത്ത േപ്രാജക്ടിന്റെ ചെറിയ എഴുത്തുകാര്യങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്നു.
‘വിക്ടോറിയ’ക്ക് ഇത്രയും ആൾക്കാരുടെ മുന്നിൽ എത്താനും അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ വർഷങ്ങളുടെ കഷ്ടപ്പാട് സിനിമക്ക് പിന്നിലുണ്ട്. സിനിമ കുറച്ച് മാസങ്ങൾക്കുള്ളിൽ തിയറ്ററുകളിലെത്തും. എല്ലാവരും ചിത്രം തിയറ്ററിലെത്തി കാണണം.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.