സിനിമ മേഖലക്കായി പ്രത്യേക നിയമം; കോൺക്ലേവിൽ ഒമ്പത് പാനലുകളിലായി 40 വിഷയങ്ങൾ ചർച്ചക്ക്
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാമേഖലക്കായി പ്രത്യേകനിയമം നിർമിക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് രണ്ടിനും മൂന്നിനും നടക്കുന്ന സിനിമ കോൺക്ലേവില്‍ ഒമ്പത് പാനലുകളിലായി 40 വിഷയങ്ങളിൽ ചർച്ച നടക്കും. സിനിമ മേഖലയിലെ അസമത്വങ്ങളെക്കുറിച്ചും ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിനിമ നയ രൂപവത്കരണ ചർച്ച വീണ്ടും സജീവമായത്.
അതിന് മുമ്പ് കെ.എസ്.എഫ്.ഡി.സി ചെയർമാനായിരുന്ന ഷാജി എൻ. കരുണിനെ അധ്യക്ഷനാക്കി പഠന സമിതിയെ നിയോഗിച്ചിരുന്നെങ്കിലും മെല്ലെപ്പോക്കിലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിനിമക്കുള്ളിലെ അരാജകത്വത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കഴിഞ്ഞ നവംബറിൽ കോൺക്ലേവ് നടത്തുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നീണ്ടുപോയി. കോടതി ഇടപെട്ടതോടെയാണ് ആഗസ്റ്റിൽ നടത്താൻ സർക്കാർ തീരുമാനിച്ചത്.
ലിംഗ സമത്വവും എല്ലാവരെയും ഉള്‍ക്കാള്ളുന്ന തൊഴിലിടങ്ങളും, നയപരമായ ശിപാര്‍ശകള്‍, ടൂറിസത്തിനായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുക ഉൾപ്പടെയുള്ള വിഷയങ്ങളാണ് പരിഗണിക്കുകയെന്ന് മന്ത്രി സജി ചെറിയാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന സെഷന് ശേഷം അഞ്ച് വേദികളിലായി ഒരേസമയം അഞ്ച് പാനൽ ചർച്ചകൾ നടക്കും. രണ്ടുദിവസവും വൈകീട്ട് ഓപൺ ഫോറം നടക്കും.
കോണ്‍ക്ലേവില്‍ നടൻമാരായ മോഹൻലാലും കമൽഹാസനും പങ്കെടുക്കും. മമ്മൂട്ടി, ഷീല അടക്കമുള്ള താരങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അതിഥികളെ സംബന്ധിച്ച് അന്തിമപട്ടിക ആയി വരുന്നതേയുള്ളൂവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മുതിര്‍ന്ന ബോളിവുഡ് താരം ജയ ബച്ചൻ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.