ആഗോളതലത്തിൽ ഇതര ഇംഗ്ലീഷ് ചിത്രങ്ങളുടെ പട്ടികയിൽ തമിഴ് ചിത്രം 'മെയ്ഡ് ഇൻ കൊറിയ' ഒന്നാമത്; 24 രാജ്യങ്ങളിൽ ട്രെൻഡിങിൽ
text_fieldsചിത്രത്തിന്‍റെ പോസ്റ്റർ
ചില കഥകൾ സിനിമ കഴിഞ്ഞാലും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കും. ഹൃദയസ്പർശിയായ ആഖ്യാനത്തിലൂടെയും വ്യത്യസ്ത സംസ്കാരങ്ങളുടെ മനോഹരമായ കൂടിച്ചേരലിലൂടെയും നെറ്റ്ഫ്ലിക്സിന്റെ തമിഴ് ചിത്രം 'മെയ്ഡ് ഇൻ കൊറിയ' ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. പ്രിയങ്ക മോഹൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രാ കാർത്തിക് ആണ് സംവിധാനം ചെയ്തത്. നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റിൽ (ഇതര ഇംഗ്ലീഷ് വിഭാഗം) ഒന്നാം സ്ഥാനത്തെത്തിയ ചിത്രം 24 രാജ്യങ്ങളിലാണ് ഇപ്പോൾ ട്രെൻഡിങിലുള്ളത്. ഇതോടെ നെറ്റ്ഫ്ലിക്സിൽ ഒറിജിനൽ, ലൈസൻസ്ഡ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം എന്ന നേട്ടവും 'മെയ്ഡ് ഇൻ കൊറിയ' സ്വന്തമാക്കി.
മാർച്ച് 12ന് പ്രീമിയർ ചെയ്ത ചിത്രം റിലീസ് ചെയ്ത ഉടൻ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. തമിഴ്‌നാട്ടിൽ നിന്നും സോളിലേക്കുള്ള ഷെൻബ എന്ന പെൺകുട്ടിയുടെ യാത്ര, മനോഹരമായ ദൃശ്യങ്ങൾ, പ്രിയങ്കയുടെ മികച്ച പ്രകടനം എന്നിവ സിനിമയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി.
'ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു ചിത്രം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത് അഭിമാനകരമായ നിമിഷമാണ്. ഇന്ത്യയിൽ നിന്ന് ലോകത്തിന് ഇനിയും ഒരുപാട് കഥകൾ കണ്ടെത്താനുണ്ടെന്ന ഞങ്ങളുടെ വിശ്വാസത്തെ ഇത് ഉറപ്പിക്കുന്നു. സ്നേഹം, സൗഹൃദം, കുടുംബം എന്നീ സാർവത്രിക വികാരങ്ങളെ രണ്ട് വ്യത്യസ്ത സംസ്കാരങ്ങളുമായി കോർത്തിണക്കിയതാണ് മെയ്ഡ് ഇൻ കൊറിയയുടെ വിജയം' എന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറയുന്നു.
ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് നടി പ്രിയങ്ക മോഹന്‍റെ വാക്കുകൾ ഇങ്ങനെ, 'ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന നിമിഷമാണിത്. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഷെൻബ. തിരക്കഥ വായിച്ച നിമിഷം തന്നെ ആ കഥാപാത്രം എന്റെ ഹൃദയത്തെ സ്പർശിച്ചു. സംവിധായകൻ രാ കാർത്തിക് സാറിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നു. നിർമാതാവ് ശ്രീനിധി സാഗറിനോടും ഈ ചിത്രം ലോകമെമ്പാടും എത്തിച്ച നെറ്റ്ഫ്ലിക്സിനോടും ഞാൻ നന്ദി പറയുന്നു.'
'പ്രേക്ഷകർ നമ്മൾ കൈമാറാൻ ഉദ്ദേശിക്കുന്ന ആശയങ്ങളോട് തീർച്ചയായും കണക്ട് ചെയ്യും എന്ന പൂർണ്ണ വിശ്വാസത്തോടെ നിർമിക്കുന്ന ചില സിനിമകളുണ്ട്. 'മെയ്ഡ് ഇൻ കൊറിയ' നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങാകുന്നതും ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് ഇത്രയധികം പ്രോത്സാഹനജനകമായ പ്രതികരണങ്ങൾ ലഭിക്കുന്നതും കാണുന്നത് സത്യത്തിൽ ഒരുപാട് സന്തോഷമുണ്ട്. പ്രിയങ്ക മോഹൻ 'ഷെൻബ' എന്ന കഥാപാത്രത്തിനായി നൽകിയ അർപ്പണബോധവും ആത്മാർത്ഥതയും സ്ക്രീനിൽ വളരെ മനോഹരമായി പ്രതിഫലിക്കുന്നുണ്ട്. ഈ കഥയിൽ വിശ്വസിച്ച നിർമാതാവ് ശ്രീനിധി സാഗറിനോടും, വിവിധ രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിക്കാൻ ഇത്രയും മികച്ചൊരു പ്ലാറ്റ്ഫോം ഒരുക്കിത്തന്ന നെറ്റ്ഫ്ലിക്സിനോടും എന്‍റെ നന്ദി ഞാൻ അറിയിക്കുകയാണ്', എന്ന് സംവിധായകൻ രാ കാർത്തിക് കൂട്ടിച്ചേർത്തു.
ഹൃദ്യമായ കഥയിലൂടെയും ആർക്കും പെട്ടെന്ന് ഇണങ്ങിച്ചേരാവുന്ന വികാരങ്ങളിലൂടെയും 'മെയ്ഡ് ഇൻ കൊറിയ' ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നത് തുടരുകയാണ്. അതിരുകൾ കടന്നു സഞ്ചരിക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള സവിശേഷവും ആകർഷകവുമായ കഥകളുടെ ശേഖരത്തിന് 'മെയ്ഡ് ഇൻ കൊറിയ' യുടെ വിജയം കൂടുതൽ കരുത്തേകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

