ഇത് നീലകണ്ഠനാ, മംഗലശ്ശേരി നീലകണ്ഠൻ: ക്ഷേത്ര പരിസരത്തത്തിയ മോഹൻലാൽ തിരിച്ചു പോയാലോ എന്ന് വരെ ആലോചിച്ചു; ദേവാസുരത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് ഇങ്ങനെ
text_fields1993 വിഷു റിലീസായി എത്തിയ ചിത്രം അന്ന് തിയറ്ററുകളിൽ ആഘോഷമായിരുന്നു. മുണ്ട് മടക്കി കുത്തി എതിരാളികൾക്ക് മുന്നിലേക്ക് പോകുന്ന നീലകണ്ഠനെ മലയാളികൾ അത്ര വേഗം മറക്കാൻ ഇടയില്ല. മോഹൻലാലിന്‍റെ കഥാപാത്രങ്ങളിൽ ഏറ്റവും പൗരുഷമുളള കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠൻ. എക്കാലവും മംഗലശ്ശേരി നീലകണ്ഠന് ഒരു പ്രത്യേക ഫാൻ ബേസുണ്ട്. വഴി മാറടാ മുണ്ടക്കൽ ശേഖരാ.. എന്ന ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ കുറവായിരിക്കും. നീലകണ്ഠൻ മാത്രമല്ല നൊപ്പോളിയന്റെ മുണ്ടക്കൽ ശേഖരനും ഇന്നസെന്റിന്റെ വാര്യരും ഒടുവിൽ ഉണ്ണികൃഷ്ണന്റെ പെരിങ്ങോടനും അപ്പു മാഷും ഭാനുമതിയുമെല്ലാം പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങളാണ്.
ദേവാസുരത്തിന്റെ അറിയാക്കഥകൾ ഒരുപാടുണ്ട്. രഞ്ജിത്തിന്റെ തിരക്കഥയിൽ 1993 ൽ ഐവി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ദേവാസുരത്തിന്റെ ക്ലൈമാക്സ് ഏറെ ചർച്ചയായ ഒന്നായിരുന്നു. മംഗലശ്ശേരി നീലകണ്ഠനും മുണ്ടക്കൽ ശേഖരനും തമ്മിലുള്ള സംഘട്ടനം അന്ന് തിയറ്ററുകളിൽ ആഘോഷമായിരുന്നു. എന്നാൽ അത് ചിത്രീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. സിനിമയുടെ ചിത്രീകരണം ആരംഭിച്ച് അഞ്ചാം ദിവസം തന്നെ ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നു.
ഇത്തരമൊരു ക്ലൈമാക്സ് നേരത്തേ ചിത്രീകരിച്ചത് അതിന്റെ റിസ്ക് മുന്നിൽ കണ്ടു കൊണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്സ് ഉടനടി ചെയ്യണമെന്ന് പറഞ്ഞപ്പോൾ മോഹൻലാൽ പോലും അതിൽ നിന്ന് പിന്മാറി നിന്നു. ഹോട്ടലില്‍ നിന്നും ക്ലൈമാക്സ് ചിത്രീകരണത്തിന് വന്ന മോഹന്‍ലാല്‍ ക്ഷേത്ര പരിസരത്തെ ആളുകളെ കണ്ട് ഞെട്ടി. തിരിച്ചു ഹോട്ടലിലേക്ക് പോയാലോ എന്നായിരുന്നു ആദ്യം ചിന്തിച്ചത്. ദേവാസുരത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ശ്രീകൃഷണപുരത്തെ പരിയാംനംപറ്റ അമ്പലത്തിലായിരുന്നു. അതിൽ അഭിനയിച്ചതു മുഴുവൻ അവിടെ തന്നെയുള്ള ആളുകളാണ്.
ഒരു ഉത്സവപറമ്പിന്‍റെ പ്രതീതിയിലാണ് ഐ.വി ശശി ദേവാസുരത്തിന്‍റെ ക്ലൈമാക്സ് പ്ലാന്‍ ചെയ്തത്. നാട്ടുകാര്‍ എല്ലാവരും വരണം സഹകരിക്കണമെന്ന നിലയിലായിരുന്നു ദേവാസുരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നോട്ടീസ് വിളംബരം ചെയ്തത്. പക്ഷെ രാത്രിയില്‍ പ്ലാന്‍ ചെയ്ത ക്ലൈമാക്സില്‍ പങ്കെടുക്കാന്‍ വൈകുന്നേരം അഞ്ചു മണി ആയപ്പോഴേക്കും ക്ഷേത്ര പരിസരത്ത് തൃശ്ശൂര്‍ പൂരത്തിനുള്ള ജനസമുദ്രമായി. മൂന്ന് കാമറ ഉപയോഗിച്ചാണ് ഐ.വി ശശി ക്ലൈമാക്സ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ദേവാസാസുരത്തിന്റെ ക്ലൈമാക്സ് മനോഹരമായതിന് പിന്നിൽ ഐ.വി ശശി എന്ന സംവിധായകനാണെന്ന് മുമ്പൊരിക്കൽ രഞ്ജിത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആയിരം ആളുകളെ ഫ്രെയിമിൽ വരുത്തുക ശശിയേട്ടന്റെ മാത്രം പ്രത്യേകതയാണ്. ഫ്രെയിമിൽ ഒരുലക്ഷം ആളുണ്ടെങ്കിലും അതിൽ ഒരു ത്രിൽ അനുഭവിക്കുന്ന ആളാണ് ശശിയേട്ടൻ. ദേവാസുരത്തിന്റെ ക്ലൈമാക്സ് മനോഹരമായതും ആ കഴിവുകൊണ്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.