മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്ത്... മോഹന്‍ലാല്‍-ശോഭന ഹിറ്റിനായി 'തുടരും'
text_fieldsസിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ പോസ്റ്റർ പുറത്തിറക്കി. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ്, മായമയൂരം, പക്ഷെ, ഉളളടക്കം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, പവിത്രം... മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ടിലെ ചിത്രങ്ങളെല്ലാം വൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സിനിമയുടെ അപ്‌ഡേറ്റുകളെല്ലാം സിനിമാ പ്രേമികൾ ഏറ്റെടുക്കുന്നുണ്ട്.
മോഹന്‍ലാലിന്റെയും ശോഭനയുടെയും കഥാപാത്രങ്ങള്‍ കുടുംബത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മക്കളോടൊപ്പം ചക്ക മുറിച്ചെടുക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. എം.ജി. ശ്രീകുമാറിന്റെ 'കൺമണിപൂവേ' എന്ന ഗാനത്തിലെ ഒരു ദ്യശ്യമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
'സൗദി വെള്ളക്ക' സംവിധായകനായ തരുണ്‍ മൂര്‍ത്തിയിൽ പ്രതീക്ഷകളേറെയാണ്. ഗൃഹാതുരത്വവും വൈകാരികതയും നിറഞ്ഞ ചിത്രം ഫീൽ ഗുഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. 'നമ്മുടെയൊക്കെ വീട്ടിലുണ്ട് ഇങ്ങനെ ഒരാൾ' എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ തരുൺ മൂർത്തി ഏറ്റവും പുതിയ പോസ്റ്റർ പങ്കിട്ടത്. നമ്മുടെ വീടുകളിൽ ഇങ്ങനെയുള്ള ഒരാളുണ്ട്. നമുക്കെല്ലാവർക്കും റിലേറ്റ് ചെയ്യാവുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.