മനസ്സിൽ കയറിയത് ഗ്ലിക്സനാണ് 'ബത്ലഹേം കുടുംബ യൂണിറ്റ്' സമ്മാനിച്ചത് ഹൃദ്യമായ അനുഭവം; അഭിനന്ദനവുമായി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഏറെക്കാലത്തെ തിരക്കുകൾക്കും ഇടവേളയ്ക്കും ശേഷം മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം ഒറ്റയിരുപ്പിൽ കണ്ട 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രം തനിക്ക് നൽകിയത് വലിയ മാനസിക ഉന്മേഷമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സിനിമയുടെ വ്യത്യസ്തമായ ആഖ്യാനശൈലി തന്നെ ഏറെ ആകർഷിച്ചുവെന്നും, തന്റെ ചെറുപ്പകാലത്തെ നാട്ടിൻപുറങ്ങളെയും അവിടുത്തെ സാധാരണ മനുഷ്യരെയും ചിത്രവുമായി പെട്ടെന്ന് ബന്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നായകനും നായികയും മാത്രമല്ല, ചുരുക്കം സീനുകളിൽ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങൾ പോലും ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ഒരു സമ്പൂർണ്ണ ടീം വർക്കാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചിത്രം കണ്ടതിനു പിന്നാലെ സംവിധായകൻ എ.ഡി. ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം തന്റെ മനസ്സിൽ പ്രത്യേക ഇടംനേടിയ 'ഗ്ലിക്സനെ' സ്നേഹത്തോടെ ഓർക്കുകയും ചെയ്തു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
"മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.
ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.
നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.
ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻറെ മനസിൽ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ.
സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ."
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

