കാത്തിരിപ്പുകൾക്ക് വിട; വടചെന്നൈ 2 അപ്ഡേറ്റുമായി വെട്രിമാരൻ
text_fieldsതമിഴ് സൂപ്പർ സ്റ്റാർ സിലമ്പരശനെ നായകനാക്കി സംവിധാനം ചെയ്യുന്ന എസ്.ടി.ആർ 49-നു ശേഷം ധനുഷിനെ നായകനാക്കി വടചെന്നൈ 2 ഒരുക്കുമെന്ന് വെട്രിമാരൻ. അനുരാഗ് കശ്യപുമായി ചേർന്ന് നിർമിച്ച ബാഡ് ഗേൾ സിനിമയുടെ പ്രത്യേക പരിപാടിയിൽ സംവദിക്കവെയാണ് അദ്ദേഹം അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വരാനിരിക്കുന്ന സിനിമകളെ കുറിച്ച് പറഞ്ഞത്.
സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനത്തിലെത്തുന്ന ഒരു ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് എസ്.ടി.ആർ 49. ചിത്രത്തിനു വേണ്ടി ചിമ്പു നടത്തിയ മേക്കോവറും താരത്തിന്‍റെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. അടുത്ത 10-15 ദിവസത്തിനുള്ളിൽ സിലമ്പരശൻ ചിത്രം തുടങ്ങും. അതു കഴിഞ്ഞാലുടനെ വടചെന്നൈയുടെ രണ്ടാം ഭാഗം ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു.
സിലമ്പരശനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രം വടചെന്നൈ 2 ആണെന്ന രീതിയിൽ നേതത്തേ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇത് വടചെന്നൈ 2 അല്ലെന്നും മറിച്ച് വടചെന്നൈ 2 യൂണിവേഴ്സിൽ വരുന്ന ചിത്രമാണെന്നും വെട്രിമാരൻ വ്യക്തമാക്കി. വടചെന്നൈയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ സിനിമയിലും ഉണ്ടാകും.
ധനുഷിനെ നായകനാക്കി വെട്രിമാരൻ 2018ൽ ഒരുക്കിയ ചിത്രമാണ് വടചെന്നൈ. ഒരു ക്രൈം ത്രില്ലർ വിഭാഗത്തിൽ വന്ന സിനിമ ഏറെ പ്രശംസ നേടിയിരുന്നു. ധനുഷിനെ കൂടാതെ ഐശ്വര്യ രാജേഷ്, ആൻഡ്രിയ, അമീർ, സമുദ്രകനി, തുടങ്ങിയ മികച്ച താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.