ബോർഡ് അംഗം തന്നെ പാരവെച്ചു! ‘ജനനായകൻ’ വൈകുന്നതിന് പിന്നിലെ നാടകീയ നീക്കങ്ങൾ വെളിപ്പെടുത്തി നിർമാതാവ്
text_fieldsതമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞ് നടൻ സി. ജോസഫ് വിജയ്‍യും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും അധികാരത്തിലേറിയെങ്കിലും വിജയ്‍യുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇതുവരെ റിലീസ് ചെയ്തിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് ഏഴിന് പിൻവലിക്കുകയും രണ്ട് ആഴചക്കുള്ളിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അറിയിപ്പുണ്ടെങ്കിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാൽ വർഷാരംഭം മുതൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സിനിമ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എഫ്.സി) നിന്നുള്ള പച്ചക്കൊടിക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും പരിശോധനാ സമിതിയിലെ ഒരു അംഗം തന്നെയാണ് സിനിമയെ ഈ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടതെന്നു വെളിപ്പെടുത്തലുമായി നിർമാതാവ് രംഗത്തു വന്നു.
2025 ഡിസംബറിൽ തന്നെ സിനിമ സെൻസറിങ്ങിനായി സമർപ്പിച്ചിരുന്നതായി നിർമാതാവ് വെങ്കട്ട് കെ. നാരായണ പറഞ്ഞു. ആദ്യം ചിത്രം കണ്ട സമിതി ഇതിന് 'U/A 16+' സർട്ടിഫിക്കറ്റ് ശുപാർശ ചെയ്തിരുന്നതാണ്. എന്നാൽ ജനുവരി ഒമ്പതിന് നിശ്ചയിച്ചിരുന്ന റിലീസ് തിയതി അടുത്തിരിക്കെ സിനിമക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച് ചിത്രം റിവിഷൻ കമ്മിറ്റിക്ക് വിടുകയാണെന്നും അറിയിച്ചുകൊണ്ട് മെയിൽ ലഭിച്ചു.
സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് എങ്ങനെ പരാതി നൽകാൻ കഴിയുമെന്ന് ചോദിച്ച് തങ്ങൾ കോടതിയെ സമീപിച്ചതായി അദ്ദേഹം പറഞ്ഞു. പരിശോധനാ സമിതിയിൽ ഉണ്ടായിരുന്ന, സിനിമക്ക് ആദ്യം സമ്മതം മൂളിയ ഒരു അംഗം തന്നെയാണ് പിന്നീട് പരാതിക്കാരനായി മാറിയതെന്ന് കോടതിയിൽ വെച്ചാണ് വ്യക്തമായത്. നിലവിൽ റിവിഷൻ കമ്മിറ്റിയുടെ നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ സിനിമ തിയറ്ററുകളിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിലുള്ള സന്തോഷവും നിർമാതാവ് പങ്കുവെച്ചു. ‘സിനിമ തുടങ്ങുമ്പോൾ ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. വിജയ് സർ തമിഴ്‌നാട് മുഖ്യമന്ത്രിയായ ഈ വേളയിൽ അദ്ദേഹം യഥാർത്ഥത്തിൽ ഒരു 'ജനനായകനായി' മാറിയിരിക്കുകയാണ്. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം ഈ ചിത്രം റിലീസ് ചെയ്യണമെന്നത് ഒരുപക്ഷേ വിധിയായിരിക്കാം,’ വെങ്കട്ട് കെ. നാരായണ പറഞ്ഞു.
റിലീസ് വൈകുന്നതിനിടെ ജനനായകൻ ഇന്റർനെറ്റിൽ ചോർന്നത് അണിയറ പ്രവർത്തകർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഏകദേശം 500 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ സിനിമയുടെ മുഴുവൻ ഭാഗങ്ങളും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

