Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവാക്കുകളെ...

വാക്കുകളെ മറികടന്നെത്തുന്ന ഭാഷ

text_fields
bookmark_border
വാക്കുകളെ മറികടന്നെത്തുന്ന ഭാഷ
cancel

മരണം കാത്തുകിടക്കുന്ന പ്രായാധിക്യമുള്ള മാതാവ്, അവർക്ക് ചുറ്റും ദുഃഖഭാരത്തോടെ നിൽക്കുന്ന മക്കളും പേരമക്കളും, എന്നാൽ അവർ ആ ദുഃഖകാലത്തെ മറികടക്കുന്നു. ജീവിതവും സന്തോഷവും കഠിനമായൊരു നിശ്ചയദാർഢ്യത്തിനൊടുവിൽ അവർക്കരികിലേക്ക് തന്നെ തിരികെ വരുന്നു. പറഞ്ഞുവരുന്നത് ഒസ്കാർ ജേതാവും ഹോളിവുഡിലെ പ്രിയ നായികയുമായ കേറ്റ് വിൻസ്‌ലെറ്റ് സംവിധായികയായി അരങ്ങേറിയ ‘ഗുഡ് ബൈ ജൂൺ’ (2025) എന്ന സിനിമയെക്കുറിച്ചാണ്. മാതാവും മക്കളും തമ്മിൽ അസ്വാരസ്യമുള്ള കുടുംബമായിരുന്നിട്ടും ആസന്നമായൊരു ഘട്ടത്തിൽ അവർ ഒത്തൊരുമിക്കുമ്പോൾ അവിടെ വെല്ലുവിളികളെ നിഷ്പ്രയാസം മറികടക്കുന്നു. കഥയുടെ തുടക്കം ഇങ്ങനെയാണെങ്കിലും തുടർന്നുള്ള ഘട്ടങ്ങളിൽ മൂർത്തമായ നിമിഷങ്ങൾക്ക് സാക്ഷിയാകുന്നുണ്ട്.

അഭിനയരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കേറ്റ് വിൻസ്‌ലെറ്റ്, കുടുംബബന്ധങ്ങളുടെയും മരണത്തിന്റെയും ദുഃഖാനുഭവങ്ങളുടെയും ഇടയിൽ മനുഷ്യസ്‌നേഹത്തിന്റെ നേർത്ത നൂലിഴകൾ കണ്ടെത്താനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്. സംവിധാനത്തിനും നിർമാണത്തിനും പുറമെ സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമായും വിൻസ്‌ലെറ്റ് നിറഞ്ഞുനിൽക്കുന്നുണ്ട്.

കുടുംബ ബന്ധങ്ങളുടെ ആസ്വാരസ്യങ്ങളുടെയും സ്നേഹ പ്രകടനങ്ങളുടെയും കഥ പറയുന്ന ചിത്രം എന്ന ചട്ടക്കൂടിൽനിന്ന് മാറി മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ സൂക്ഷ്മമായി പരിശോധിക്കുന്ന ഫീൽഗുഡ് ഹ്യൂമൺ ഒാറിയന്‍റഡ് സിനിമയെന്ന് ‘ഗുഡ് ബൈ ജൂണി’നെ വിശേഷിപ്പിക്കാം.

സിനിമയിലെ കേന്ദ്രകഥാപാത്രം ജൂൺ (June Cheshire) എന്ന പ്രായമായ അമ്മയാണ്. പ്രായാധിക്യവും രോഗങ്ങളും കാരണം അവരുടെ ആരോഗ്യനില പാടേ ഗുരുതരമാണ്. നാലു മക്കളാണ് അവർക്കുള്ളത്. എന്നാൽ, വർഷങ്ങളായി അവരാരുംതന്നെ അവർക്കൊപ്പമുണ്ടായിരുന്നില്ല. എന്നാൽ, ഒരു ക്രിസ്മസ് കാലത്ത്, ജീവിതത്തിന്‍റെ അവസാനഘട്ടത്തിലേക്ക് കടന്ന തങ്ങളുടെ പ്രിയ മാതാവിനെ നല്ലരീതിയിൽ പരിചരിക്കണമെന്ന ഉദ്ദേശ്യത്തോടെ അവർ കുടുംബത്തിലേക്ക് തിരികെയെത്തുന്നു. അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ചവർക്ക് പശ്ചാത്താപമുണ്ട്. അതിനാൽതന്നെ അവരെല്ലാവരും പുതിയൊരു ജീവിതത്തെ അവിടം മുതൽ തേടുകയും അതിനുള്ള ശ്രമത്തിലുമാണ്.

സിനിമ ഇങ്ങനെ തുടരുന്നെങ്കിലും പതിവ് നൊമ്പരങ്ങളുടെ വേലിയേറ്റങ്ങൾ ഇതിൽ എവിടെയും കുത്തിനിറച്ചിട്ടില്ല. മരണത്തെ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ മാനസിക സംഘർഷങ്ങളെ മാത്രം കേന്ദ്രീകരിച്ചല്ല സിനിമ മുന്നേറുന്നത്. പറയാതെ പോയ സ്നേഹവും അടക്കിവെച്ച വിരോധവും പൊട്ടിപ്പുറപ്പെടുന്ന നിമിഷങ്ങളും ഇതിൽ ആവോളമുണ്ട്.

കഥാപാത്ര പരിശോധനയിലൂടെ സഞ്ചരിക്കുമ്പോൾ സിനിമയുടെ ആത്മാവെന്ന് പറയുന്നത് ജൂൺ ചെഷയർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹെലൻ മിറൻ തന്നെയാണ്. പ്രായത്തിന്റെയും രോഗത്തിന്റെയും പരിമിതികൾക്കിടയിലും ആത്മാഭിമാനവും നർമബോധവും നഷ്ടപ്പെടാത്ത സ്ത്രീയെ അവർ ഗംഭീരമായി പകർന്നാടിയതായി കാണാം. അതീവ നിയന്ത്രിതമായ അഭിനയത്തിലൂടെ അവർ സിനിമയിലേക്കും അതിന്‍റെ കഥാതന്തുവിലേക്കും പ്രേക്ഷകരെ കൂടുതൽ അടുപ്പിക്കുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തെയും അർബുദരോഗത്തെയും നേരിടുന്ന അവർ തന്റെ നീറുന്ന വേദനകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ശക്തമായ വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ സിനിമ ദുഃഖത്തെ മാത്രം ആഘോഷിക്കുന്നില്ല, ജീവിതത്തെക്കുറിച്ചുള്ള ധൈര്യവും നർമവും അതിൽ ഉൾച്ചേർന്നുനിൽക്കുന്നു.

തിമോത്തി സ്പാൾ ആണ് ജൂണിന്‍റെ ഭർത്താവായ ബെർണി ചെഷയറിന്‍റെ വേഷത്തിലെത്തുന്നത്. ഭാര്യ അനുഭവിക്കുന്ന അർബുദ രോഗം ഗുരുതരമായിരിക്കുന്നെന്ന യാഥാർഥ്യം അംഗീകരിക്കാൻ അയാൾക്ക് ആദ്യം സാധിക്കുന്നില്ല. വികാരങ്ങൾ തുറന്നുപറയാതെ തമാശകളിലൂടെയും നിശ്ശബ്ദതയിലൂടെയും അയാൾ ദുഃഖം മറയ്ക്കാൻ ശ്രമിക്കുകയാണ്. കുടുംബത്തെ താങ്ങിനിർത്താൻ വേണ്ടി അയാൾ ചിലപ്പോഴൊക്കെ ഒരു തമാശക്കാരന്‍റെ കോലത്തിലേക്ക് രൂപാന്തരപ്പെടുന്നതായി കാണാം.

മൂത്തമകൾ ജൂലിയായി എത്തുന്ന കേറ്റ് വിൻസ്‌ലെറ്റ്, കുടുംബത്തിന്റെ മാനസികഭാരങ്ങൾ വഹിക്കുന്ന സ്ത്രീയുടെ സങ്കീർണതകൾ വളരെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം യുവകുടുംബത്തെ പരിപാലിക്കുന്നതിനൊപ്പം മൊത്തം കുടുംബാംഗങ്ങളെ ഒരുമിച്ച് നിർത്താൻ ശ്രമിക്കുന്നത് അവളാണ്. മറ്റൊരു മകൾ മോളിയായി വന്ന ആൻഡ്രിയ റൈസ്‌ബറോ മൂർച്ചയുള്ള സംസാരശേഷിയുള്ളവളും പഴയ വിദ്വേഷങ്ങൾ സൂക്ഷിക്കുന്നവളുമാണ്. ഇളയ മകൾ ഹെലനായി എത്തിയ ടോണി കോളറ്റ് സ്വതന്ത്രയാണ്, സമാധാനം സ്ഥാപിക്കുമെന്ന അനിശ്ചിതമായ വാഗ്ദാനങ്ങളുമായി വിദേശത്തുനിന്ന് അവൾ അമ്മക്കരികിലേത്ത് എത്തിയതാണ്.

ഏക ആൺമകനായി കോണർ ചെഷയർ എന്ന കഥാപാത്രമായി വന്ന ജോണി ഫ്ലിൻ ആണ് കുടുംബത്തിന്‍റെ നെടുംതൂൺ. രോഗാവസ്ഥയിലായ അമ്മയെ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷിക്കുന്നതും സഹോദരിമാർ തമ്മിലെ അകൽച്ചയും അഭിപ്രായവ്യത്യാസങ്ങളും മാറ്റാൻ ഇടനിൽക്കുന്നതും ശാന്തതയോടെയും പക്വമായും കുടുംബകാര്യങ്ങളെ കൈകാര്യം ചെയ്യുന്നതും അവനാണ്.

കേറ്റ് വിൻസ്‌ലെറ്റിന്റെ മകൻ ജോ ആൻഡേഴ്സാണ് തിരക്കഥാ രചന നിർവഹിച്ചത്. വിൻസ്‌ലെറ്റിന്റെ സ്വന്തം കുടുംബാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണ് ഈ കഥയെന്ന് പ്രേക്ഷകന് മനസ്സിലാകാൻ സാധ്യതയുണ്ട്. എന്നാൽ, അതൊരു ആത്മകഥാപരമായ അവതരണമല്ല; വ്യക്തിപരമായ വേദനയെ സർവമാനവികമായ അനുഭവമാക്കി മാറ്റാനുള്ള ശ്രമമായി അതിനെ കണക്കാക്കാം. അതുകൊണ്ടുതന്നെ സിനിമയിലെ സംഭാഷണങ്ങൾക്കും നിശ്ശബ്ദതകൾക്കും ഒരുപോലെ വൈകാരിക ഭാരം കൈവരുന്നതായി കാണാം.

അമിതമായ ദൃശ്യവിസ്മയങ്ങളോ വികാരങ്ങളോ, നിർബന്ധപൂർവം ഉയർത്തുന്ന അവതരണങ്ങളോ ഇതിലില്ല. ചെറിയ നോട്ടങ്ങൾ, ഇടവേളകൾ, മൗനങ്ങൾ, പരസ്പരം പറയാതെ പോകുന്ന വാക്കുകൾ എന്നിവയിലൂടെയാണ് സിനിമയുടെ വികാരതീവ്രത രൂപപ്പെടുന്നത്. അഭിനയത്തിൽനിന്നുള്ള അവരുടെ അനുഭവം സംവിധായിക എന്ന നിലയിലും വ്യക്തമായി പ്രതിഫലിക്കുന്നു.

അതേസമയം, സിനിമ ചില ഘട്ടങ്ങളിൽ അത്യന്തം വൈകാരികതയിലേക്ക് വഴുതിപ്പോകുന്നുവെന്ന് തോന്നുന്നുണ്ട്. ചില സംഭവവികാസങ്ങൾ പ്രേക്ഷകന് മുൻകൂട്ടി പ്രതീക്ഷിക്കാൻ സാധിക്കുന്നതുകൊണ്ടുതന്നെ സസ്പെൻസ് എലമെന്‍റുകൾ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, പൂർണമായി അങ്ങനെ മാത്രമായി ഒതുങ്ങിപ്പോകുന്നുമില്ല. കുടുംബ കഥകളുടെ പരിചിതമായ ചട്ടക്കൂട് ചിലപ്പോഴൊക്കെ സിനിമയെ പതിവ് ശ്രേണിയിലേക്ക് നയിക്കുന്നുവെന്ന വിമർശനവുമുണ്ട്.

സിനിമ എവിടെയും ബോറടി നൽകുന്നില്ല, തന്‍റെ കുടുംബത്തിലേക്കും അതിലെ ചെറിയ, വലിയ സന്തോഷങ്ങളിലേക്കും തിരികെ ചെല്ലാൻ പ്രേക്ഷകനെ ഈ സിനിമ പ്രചോദിപ്പിക്കും. ശക്തമായ അഭിനയം കൊണ്ടും ആത്മാർഥമായ സംവിധാനശൈലി കൊണ്ടും ചിത്രം ആകർഷകവും സൗന്ദര്യമുള്ളതുമാണ്.

‘ഗുഡ് ബൈ ജൂൺ’ മരണത്തെക്കുറിച്ചുള്ള സിനിമയല്ല; ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മനുഷ്യർ പരസ്പരമെങ്ങനെ തിരിച്ചുകണ്ടെത്തുന്നു എന്നതിനെക്കുറിച്ചുള്ള ആവിഷ്കാരമാണ്. ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാം; എന്നാൽ, വിടപറയേണ്ട നിമിഷം വരുമ്പോൾ സ്നേഹത്തിന്റെ ഭാഷ പലപ്പോഴും വാക്കുകളെ മറികടക്കുന്നു എന്ന സത്യം ചിത്രം ഓർമിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewfilmlanguageWords
News Summary - വാക്കുകളെ മറികടന്നെത്തുന്ന ഭാഷ
Next Story